പട്ടിക്കാട്. ഇരുപത്തിമൂന്നാം വാർഡ് ഗ്രാമസഭ മുടിക്കോട് മഹാത്മ എൽപി സ്‌കൂളിൽ നടന്നു. ഗ്രാമസഭയോടനുബന്ധിച്ച് ക്രിസ്തുമസ് ആഘോഷവും കേരളോത്സവത്തിലെ മികച്ച വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനും ഗ്രാമസഭയുടെ ഉദ്ഘാടനം വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി. അനിതയും നിർവഹിച്ചു. വാർഡ് മെമ്പർ ആരിഫ റാഫി അധ്യക്ഷയായിരുന്നു. നാഷണൽ പ്രിസൺ മീറ്റിൽ വിജയിയായ അൻവർ സാദത്തിനെ ചടങ്ങിൽ ആദരിച്ചു. ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും പാലിയേറ്റീവ് കെയർ സേവനം നൽകുന്നവർക്കും ക്രിസ്തുമസ് കേക്ക് വീട്ടിൽ എത്തിച്ചു നൽകാൻ തീരുമാനിച്ചതായി വാർഡ് മെമ്പർ അറിയിച്ചു. കൂടാതെ ആര്യ കെയർ ഐ ഹോസ്പിറ്റലിന്റെ സൗജന്യ നേത്ര പരിശോധനയും ഉണ്ടായിരുന്നു. വാർഡ് കൺവീനർ ശിവ പ്രശോഭ്, എഡിഎസ് സുൽഫത്ത് എന്നിവർ പ്രസംഗിച്ചു.


0 Comments