പട്ടിക്കാട്. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശം പരിസ്ഥിതി ദുർബല മേഖലയായി പ്രഖ്യാപിച്ചുകൊണ്ട് സർക്കാർ പുറത്തിറക്കിയ സ്‌കെച്ചും സർവ്വേ നമ്പറുകളും പാണഞ്ചേരിയിലെ ജനങ്ങളിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സർക്കാർ പുറത്തുവിട്ട ഭൂപടവും ബഫർ സോണിൽ ഉൾപ്പെടുന്ന സർവ്വേ നമ്പറുകളും തമ്മിൽ പൊരുത്തമില്ലാത്തതാണ് ഇപ്പോൾ കൂടുതൽ പരിഭ്രാന്തിക്ക് ഇടയാക്കിയത്. പീച്ചി വില്ലേജിൽ 128 സർവേ നമ്പറുകളും പാണഞ്ചേരി വില്ലേജിൽ 221 സർവ്വേ നമ്പറുകളും ഉൾപ്പെട്ട ലിസ്റ്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുമ്പ് പ്രഖ്യാപിച്ച ബഫർ സോണിൽ വരാത്തതും ഒരുതരത്തിലും ബന്ധമില്ലാത്തതുമായ നിരവധി സർവേ നമ്പറുകളാണ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഏതൊക്കെ പ്രദേശങ്ങളാണ്, ഏതൊക്കെ സർവ്വേ നമ്പറുകളാണ് ഉൾപ്പെടുക എന്ന കാര്യത്തിൽ തീർച്ചപ്പെടുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ അനിശ്ചിതത്വം മൂലം ഭൂമി വിൽപന നടത്താനോ, വായ്പയെടുക്കാനോ, എന്തെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനോ തടസ്സമായക്കും എന്ന ഭയം ജനങ്ങൾക്ക് ഉണ്ട്. നിലവിൽ പലർക്കും ഇതൊരു പ്രതിസന്ധി ആയിക്കഴിഞ്ഞു. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ബഫർ സോണായി പ്രഖ്യാപിച്ചാൽ പഞ്ചായത്തിലെ മിക്കവാറും ജനവാസ മേഖലകൾ എല്ലാം അതിന്റെ പരിധിയിൽ പെടും. ജനങ്ങളുടെ ജീവിതം ദുസ്സഹമായിത്തീരും. അതുകൊണ്ട് ഇത് ഒഴിവാക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം. ജനങ്ങളുടെ പരാതികൾ സ്വീകരിക്കാനും അത് ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കാനും വേണ്ട നടപടികൾ ഗ്രാമസഭ അടിസ്ഥാനത്തിൽ സ്വീകരിക്കണം. ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വനം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി പരാതികൾ സ്വീകരിക്കാനും പരിഹരിക്കാനും ഉള്ള സംവിധാനം ഉണ്ടാക്കണം. 2013 ൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏകകണ്ഠമായി നിർദ്ദേശിച്ച 0-10 മീറ്റർ ദൂര പരിധി ഇക്കോ സെൻസിറ്റീവ് സോൺ ആയി അംഗീകരിക്കണമെന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.


0 Comments