പട്ടിക്കാട്. വഴുക്കുംപാറയിൽ സർവീസ് റോഡ് നിലനിർത്തിക്കൊണ്ട് നിലവിലെ പാർശ്വഭിത്തി ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ നാലാഴ്ചയ്ക്കകം കൈക്കൊള്ളണമെന്ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർക്ക് മന്ത്രി കെ. രാജൻ നിർദ്ദേശം നൽകി. മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വഴുക്കുംപാറയ്ക്ക് സമീപം റോഡിലുണ്ടായ വിള്ളലിന് ശാസ്ത്രീയ പരിഹാരം കാണാനും മന്ത്രി നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിളിച്ചുചേർത്ത ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടറും പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം പരിശോധിച്ച ശേഷം ജില്ലാ കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗം. റോഡിന് വിള്ളലുണ്ടായ ഭാഗത്തെ പാർശ്വഭിത്തി നിർമാണത്തിൽ ഗുരുതരമായ അപാകതയുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
നിലവിൽ സംരക്ഷണ ഭിത്തി നിർമിച്ചതിൽ കരാറുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി യോഗം വിലയിരുത്തി. റോഡിന്റെ ചരിവിലേക്ക് മഴവെളളം കിനിഞ്ഞിറങ്ങാത്ത രീതിയിലായിരിക്കും പാർശ്വഭിത്തി പുനർനിർമിക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചായിരിക്കണം നിർമാണം. പ്രവൃത്തിയുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കർശന നിരീക്ഷണം ഏർപ്പെടുത്താനും ദേശീയപാതാ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
ദേശീയപാത അതോറിറ്റിയുടെ പ്രദേശത്തെ മേൽനോട്ട ചുമതലയുള്ള റെസിഡന്റ് എൻജിനിയർ രണ്ട് ദിവസത്തിലൊരിക്കലും സൈറ്റ് എൻജിനിയർ നാല് ദിവസത്തിലൊരിക്കലും സ്ഥലത്ത് നേരിട്ടെത്തി നിർമാണ പ്രവൃത്തികൾ വിലയിരുത്തും. കൂടാതെ ജില്ലാ കലക്ടർ നിർദേശിക്കുന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥ സംഘം അഞ്ച് ദിവസത്തിലൊരിക്കൽ സ്ഥലം സന്ദർശിച്ച് നിർമാണപുരോഗതിയും ഗുണനിലവാരവും വിലയിരുത്തി റിപ്പോർട്ട് നൽകും. റോഡ് ഇടിഞ്ഞ ഭാഗത്ത് കോൺക്രീറ്റ് ബീം കെട്ടി ബലപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നടപടികൾ കൈക്കൊള്ളാനും യോഗം നിർദ്ദേശം നൽകി.
പ്രദേശത്തെ സർവീസ് റോഡ് ഉൾപ്പെടെ ആവശ്യമായ മാറ്റങ്ങൾ വരുത്തിയുള്ള ചെയ്ഞ്ച് ഓഫ് സ്‌കോപ്പ് ശുപാർശയ്ക്ക് ദേശീയപാത അതോറിറ്റിയുടെ അംഗീകാരം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി മന്ത്രി എന്ന നിലയിലും സ്ഥലം എംഎൽഎ എന്ന നിലയിലും സർക്കാർ തലത്തിൽ ശ്രമം നടത്തും. ഇക്കാര്യത്തിൽ എംപിമാർ ഉൾപ്പെടെയുള്ളവരുടെ സഹകരണം തേടുമെന്നും മന്ത്രി അറിയിച്ചു.
കൊടുങ്ങല്ലൂർ മിനി സിവിൽ സ്‌റ്റേഷനിൽ ചേർന്ന യോഗത്തിൽ ജില്ലാ കലക്ടർ ഹരിത വി കുമാർ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, എൻഎച്ച്എഐ പ്രൊജക്റ്റ് ഡയറക്ടർ ബിപിൻ മധു, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എൻജിനീയർ (റോഡ്‌സ്) എസ് ഹരീഷ്, അസി. എക്‌സി. എൻജിനീയർ (പാലം) നിമേഷ് പുഷ്പൻ, എൻഎച്ച്എഐ സൈറ്റ് എൻജിനിയർ അശ്വിൻ പി വിജയൻ, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



0 Comments