സൗഹൃദത്തിന് പൊൻതിളക്കം: അവിസ്മരണീയമായി പൂർവ്വ വിദ്യാർത്ഥി സംഗമം



പട്ടിക്കാട്. മധുരസ്മരണകൾ ഇരമ്പുന്ന അക്ഷര മുറ്റത്ത് അവർ വീണ്ടും ഒത്തുചേർന്നു.  പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ 1984-85 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ഡിസംബർ 18 ന് ഞായറാഴ്ച സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം അവിസ്മരണീയമായി. കളിച്ചും ചിരിച്ചും കളിപറഞ്ഞും കടന്നുപോയ കലാലയത്തിന്റെ വരാന്തകളിലൂടെ അവർ വീണ്ടും നടന്നു. 

കൗതുകങ്ങൾ ഉള്ളിലൊളിപ്പിച്ച കൗമാരങ്ങളായി.   ജീവിതാനുഭവങ്ങളുടെ ചൂടും ചൂരും   പങ്കുവെച്ചു. ദീർഘമായ കാലഘട്ടത്തിനുശേഷം വീണ്ടും ആദ്യമായി കണ്ടുമുട്ടിയവരായിരുന്നു പലരും. കൂട്ടുകാരുടെ വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു കൊണ്ടായിരുന്നു തുടക്കം. അകന്നുപോയ കണ്ണികളെ അവർ വീണ്ടും കൂട്ടി യോജിപ്പിച്ചു. മറവിയിലേക്ക് മാഞ്ഞുപോയ പല സൗഹൃദങ്ങളെയും തിരികെ പിടിച്ചു.  സൗഹൃദങ്ങളുട മധുരം  ഇപ്പോഴും കാത്തുസൂക്ഷിക്കുന്നവർ തുടക്കമിട്ട  വാട്‌സ്ആപ്പ് കൂട്ടായ്മ  തളിരിട്ട് വളർന്നു. പ്രഥമ സംഗമത്തിൽ തന്നെ നൂറിലേറെ പേരെ പങ്കെടുപ്പിക്കാൻ കഴിഞ്ഞു. ഇതിനു നേതൃത്വം നൽകിയ എം.എസ് ജയകുമാർ, ഫാ. ജെയ്‌സൻ പുന്നശ്ശേരി,  ഗീത പ്രമോദ്, സീജോ ആന്റണി, പി.പി. തോമസ്, പി.ആർ. രാധാകൃഷ്ണൻ എന്നിവരെ സുഹൃത്തുക്കൾ പൊന്നാടയണിയിച്ച് ആദരിച്ചു. പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഫാ. ജെയ്‌സൻ പുന്നശ്ശേരിയെയും  ആദരിച്ചു. 

രോഗികൾക്ക് ചികിത്സാസഹായം നൽകുന്നത് ഉൾപ്പെടെ സുഹൃത്തുക്കളുടെ  പ്രതിസന്ധികളിൽ കൂടെ നിൽക്കുന്ന പ്രവർത്തനങ്ങൾ ഈ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ നടത്തി വരുന്നുണ്ട്. വിഭവസമൃദ്ധമായ വിരുന്നും കലാപരിപാടികളും സംഗമത്തിന്റെ ശോഭ വർധിപ്പിച്ചു. അകാലത്തിൽ അന്തരിച്ചു പോയ സുഹൃത്തുക്കൾക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ടാണ് പരിപാടികൾ തുടങ്ങിയത്. പോലീസ് എസ്.ഐ കെ.എം ഷാജി, രാജീവ് വർഗീസ്, സിറിയക് കുരുവിള, എന്നിവരും സംസാരിച്ചു.



Post a Comment

0 Comments