പീച്ചി. നാടെങ്ങും പാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൊണ്ടു പിടിച്ചു നടക്കുമ്പോഴും പീച്ചി ബസ് സ്റ്റാന്റ് പരിസരം പ്ലാസ്റ്റിക് മാലിന്യ കേന്ദ്രമായി മാറുകയാണ്. പീച്ചിയിൽ എത്തുന്ന ടൂറിസ്റ്റുകളും മറ്റും വലിച്ചെറിയുന്ന പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളും സ്റ്റാന്റിൽ ചിതറിക്കിടക്കുകയാണ്. പ്ലാസ്റ്റിക് മാത്രമല്ല എല്ലാതരത്തിലുള്ള മാലിന്യങ്ങളും ഇവിടെയുണ്ട്. പലയിടത്തും മാലിന്യങ്ങൾ കൂടിക്കിടക്കുന്നതും കാണാം. ഇവ നീക്കം ചെയ്യാനോ സംസ്‌കരിക്കാനോ ഉള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെ അതൊന്നും നടപ്പാക്കുന്നുമില്ല. അധികൃതർ ആരും തന്നെ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്ന പരാതിയും നാട്ടുകാർക്കുണ്ട്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പീച്ചി ബസ് സ്റ്റാന്റിന്റെ അവസ്ഥയാണിത്. സ്റ്റാൻഡിന് ചുറ്റുമുള്ളത് ഇറിഗേഷൻ വകുപ്പിന്റെ വിവിധ ഓഫീസുകളും സർക്കാർ ആശുപത്രിയും ഒക്കെയാണ്. ആരാണ് ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടത് എന്ന ചോദ്യവും ജനങ്ങൾക്കുണ്ട്. ഇപ്പോൾ ചുരുക്കം വിനോദസഞ്ചാരികൾ മാത്രമാണ് പീച്ചിയിലേക്ക് എത്തുന്നത്.
എന്നിട്ടും ഇതാണ് അവസ്ഥയെങ്കിൽ വിനോദസഞ്ചാരികളുടെ വരവ് കൂടിയാൽ എന്താകും അവസ്ഥ എന്നാണ് നാട്ടുകാർ ചോദിക്കുന്നത് . സാധാരണയായി പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്ന പതിവുണ്ട്. എന്നാൽ പീച്ചി ബസ് സ്റ്റാന്റിൽ ഒരിടത്തും അത്തരത്തിൽ ഒരെണ്ണം കണികാണാൻ ഇല്ല. അതുകൊണ്ട് ഭക്ഷ്യവസ്തുക്കൾ വാങ്ങുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും മൊക്കെ ഉപയോഗശേഷം റോഡിൽ തന്നെ വലിച്ചെറിയുകയാണ്. ഇതിനൊരു പരിഹാരം കാണണം. പാണഞ്ചേരി പഞ്ചായത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ശേഖരിക്കാൻ ഹരിത കർമ്മസേന രംഗത്തുണ്ട്. നിശ്ചിത ഫീസ് നൽകിയാണ് മാസംതോറും വീട്ടുകാരും വ്യാപാരികളും പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിത കർമ്മ സേനയ്ക്ക് കൈമാറുന്നത്. പ്ലാസ്റ്റിക് വേയ്സ്റ്റുകൾ ഇല്ലെങ്കിൽ പോലും പണം മുടങ്ങാതെ നൽകണമെന്ന് നിർദ്ദേശം ജനങ്ങൾക്കിടയിൽ വലിയ ആക്ഷേപങ്ങൾക്കും ഇടയാക്കുന്നുണ്ട്. ഈ ഇനത്തിൽ വീടുകളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നുമായി മാസംതോറും വൻ തുകയാണ് പഞ്ചായത്തിന് ലഭിക്കുന്നതെന്നും അതുകൊണ്ടുതന്നെ പൊതുസ്ഥലങ്ങളിൽ നിന്നുള്ള മാലിന്യ നീക്കവും പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കണം എന്നുമാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. ആരെങ്കിലും പണം നൽകാൻ ഇല്ലാത്തതുകൊണ്ടാകാം ബസ് സ്റ്റാന്റിലെ മാലിന്യങ്ങൾ കുന്നുകൂടുന്നത് എന്നാണ് ജനങ്ങളുടെ പരിഹാസം. ഈ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യം ഒഴിവാക്കാൻ അടിയന്തര നടപടികൾ അധികൃതർ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.



0 Comments