ബഫർ സോൺ: വിലങ്ങന്നൂർ വാർഡിൽ പ്രൊഫോർമ അപേക്ഷാ ഫോമുകൾ വിതരണം ചെയ്തു


വിലങ്ങന്നൂർ. പാണഞ്ചേരി പഞ്ചായത്തിലെ വിലങ്ങന്നൂർ വാർഡിൽ ബഫർ സോണിൽ ഉൾപ്പെടുന്ന വിലങ്ങന്നൂർ, പീച്ചി, തെക്കേക്കുളം, മനയ്ക്കപ്പാടം ഉൾപ്പെടെയുള്ള  ജനവാസ മേഖലകളെ ബഫർ സോൺ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ നൽകേണ്ട പ്രത്യേക മാതൃകയിലുള്ള അപേക്ഷ ഫോറം വിലങ്ങന്നൂർ വാർഡിൽ വിതരണം ചെയ്തു.

ഭൂ ഉടമകളിൽ നിന്നും അപേക്ഷാ ഫോമുകൾ പൂരിപ്പിച്ച് സമാഹരിച്ച് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വഴി സംസ്ഥാന സർക്കാരിനും അവിടെ നിന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വഴി സുപ്രീം കോടതിയിലേക്കും എത്തിക്കാനുള്ള സമയബന്ധിതമായ പരിശ്രമമാണ് നടത്തുന്നതെന്ന് വാർഡ് മെമ്പർ ഷൈജു കുരിയൻ പറഞ്ഞു.

പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന്റെ ഒരു കിലോമീറ്റർ ആകാശ ദൂരപരിധിയിൽ വരുന്ന പ്രദേശങ്ങളെയാണ് ബഫർ സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭാവിയിൽ വസ്തുവിൽപ്പന, ലോൺ എടുക്കൽ, നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും റവന്യു വകുപ്പിൽ നിന്നും വനം വകുപ്പിലേക്ക് മാറുകയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിയമ നൂലാമാലകളിൽ കുരുങ്ങി സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിൽ അകപ്പെടാനും സാധ്യതയുണ്ട്. അതിനാൽ എല്ലാവരും  കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇക്കാര്യങ്ങളെ കുറിച്ച് പഠിക്കുകയും അടിയന്തരപ്രാധാന്യത്തോടെ ജനവാസ മേഖലയാണ് എന്ന് ബോധിപ്പിക്കുന്ന  അപേക്ഷാ ഫോറം പൂരിപ്പിച്ച് നൽകണമെന്നും മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ പറഞ്ഞു. കുരിയാക്കോസ് ഫിലിപ്പ്, കെ.വി. ബിനു, കുമാരൻ കോഴിപ്പറമ്പിൽ, സജി ആൻഡ്രൂസ്, കെ.സി. ചാക്കോ, അജോഷ് ഗർവ്വാസി സ്, ജോൺ,  തുടങ്ങിയരും പ്രെഫോർമ വീടുകളിലെത്തിക്കുന്നതിൽ മെമ്പർക്കൊപ്പം പങ്കെടുത്തു

ഡിസംബർ 31 ശനിയാഴ്ച വിലങ്ങന്നൂർ ഫോറസ്റ്റ്‌ ഓഫീസിൽ നടത്തുന്ന ഗ്രാമ സഭയിൽ പങ്കെടുത്ത് ഫോമുകൾ നൽകണമെന്ന് മെമ്പർ ഷൈജു കുരിയൻ അറിയിച്ചു.  പാണഞ്ചേരി പഞ്ചായത്തിലെ ബഫര്‍സോണിൽ ഉൾപ്പെട്ട വാർഡുകളിൽ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അപേക്ഷാ ഫോമുകൾ വീടുകളിൽ എത്തിച്ചു നൽകുന്നുണ്ട്.



Post a Comment

0 Comments