പട്ടിക്കാട്. വിദ്യാർത്ഥികൾ സ്‌കൂളിൽ പോകുന്ന തിരക്കേറിയ സമയങ്ങളിൽ പീച്ചിഡാം റോഡിലൂടെ വാഹനങ്ങൾ അമിതവേഗതയിൽ കടന്നുപോകുന്നതായി വ്യാപക പരാതി. ഇതുമൂലം രാവിലെ സ്‌കൂളിൽ പോകുന്നതിനായി റോഡ് കുറുകെ കടക്കാൻ ശ്രമിക്കുന്ന വിദ്യാർത്ഥികൾ അപകടഭീതിയിലാണെന്ന് രക്ഷകർത്താക്കൾ പറഞ്ഞു. ചില സ്വകാര്യ കമ്പനികളുടെ വാനുകൾ പതിവായി ഈസമയങ്ങളിൽ അമിത വേഗതയിൽ ഇതുവഴി കടന്നുപോകുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെ ആൽപ്പാറ സെന്ററിലൂടെ ഇത്തരം ഒരു വാഹനം കടന്നുപോയത് അപകടകരമായ നിലയിൽ ആയിരുന്നെന്നും അവർ പറഞ്ഞു. കഴിഞ്ഞ ചില ആഴ്ചകളായി പീച്ചിഡാം റോഡ് അപകട മേഖലയായി മാറിക്കഴിഞ്ഞു. ദിവസങ്ങൾക്ക് മുൻപ് അമിതവേഗതയിൽ എത്തിയ ബൈക്ക് ഇടിച്ച് കണ്ണാറ സെന്ററിൽ തമിഴ്‌നാട് സ്വദേശിനി മരണപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ച് വഴിയാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോൾ എല്ലിനും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയയക്ക് വിധേയ ആകേണ്ട അവസ്ഥയാണ്. ശനിയാഴ്ച വൈകീട്ട് കമ്പനിപ്പടി സെന്റ് ജോസഫ് ചർച്ചിന് മുന്നിൽ നടന്ന അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാർ ചികിത്സയിലാണ്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള നടപടികളും അപകട മുന്നറിയിപ്പ് ബോർഡുകളും പീച്ചിഡാം റോഡിൽ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്‌കൂൾ സമയങ്ങളിൽ എങ്കിലും പീച്ചിഡാം റോഡിലൂടെയുള്ള വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ പോലീസ് അധികൃതർ കർശന നടപടികൾ സ്വീകരിക്കണമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടു.


0 Comments