പട്ടയ ഭൂമിയിൽ നിന്ന് മരം മുറിച്ച് കടത്തി; 16 പ്രതികൾ പിടിയിൽ


പട്ടിക്കാട്. പട്ടയ ഭൂമിയിൽ നിന്ന് നിയമവിരുദ്ധമായി തേക്ക് ചടച്ചി മുതലായ മരങ്ങൾ മുറിച്ച് വാഹനത്തിൽ കടത്തിക്കൊണ്ടുപോയ കുറ്റത്തിന് 16 പ്രതികളെയും വാഹനങ്ങളും തടികളും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിൽപ്പെട്ട മാടക്കത്തറ വില്ലേജ് കള്ളായി ഭാഗത്തുള്ള വെള്ളാനിശ്ശേരി നാട്ടക്കൽ വീട്ടിൽ ഉണ്ണികൃഷ്ണന്റെ ഒന്നര ഏക്കർ പട്ടയഭൂമിയിൽ നിന്നാണ് നിയമവിരുദ്ധമായി തേക്ക്, ചടച്ചി, പാതിരി, ആമപെട്ടി, ശീമക്കൊന്ന, കാഞ്ഞിരം, ഇലവ്, മട്ടി, മുള്ളിലം തുടങ്ങിയ 73 കുറ്റി മരങ്ങൾ മുറിച്ച് കടത്തി കൊണ്ടുപോയത്. മൂന്നു ലക്ഷത്തോളം രൂപ വിലമതിക്കുന്നവയാണ് ഇവയെന്ന് പട്ടിക്കാട് ഫോറസ്റ്റ് സ്‌റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടി.കെ. ലോഹിദാക്ഷൻ പറഞ്ഞു.


ഇതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ഉണ്ണികൃഷ്ണൻ ഒന്നാംപ്രതിയും ഇടനിലക്കാരായ ഊരകം മുറ്റിച്ചൂർ വീട്ടിൽ ഷൈജു, ഇരിങ്ങാലക്കുട കാട്ടൂക്കാരൻ ജോഷി, കരുവന്നൂർ പുല്ലോക്കാരൻ സോണി, തടി കച്ചവടക്കാരായ അവിണിശ്ശേരി വിയ്യത്ത് വീട്ടിൽ സുനിൽ, എടക്കുനി പടവരാട് അക്കരക്കാരൻ സുധീർ, ഇരിങ്ങാലക്കുട നെടുംപറമ്പിൽ ജോർജ് മരം മുറി തൊഴിലാളിയായ വെട്ടിപ്പറമ്പ് കുനക്കമ്പുള്ളി ഗിരീഷ് പൊറത്തിശ്ശേരി ചെട്ടിഞ്ഞോടി സുഭാഷ്, മാടായിക്കോണം ഇയ്യാനി വീട്ടിൽ വിദ്യാധരൻ, കല്ലൂർ വെള്ളാനിക്കോട് ചെറുശ്ശേരിക്കാരൻ ജിജോ, തൈക്കാട്ടുശ്ശേരി കല്ലുത്തറ സന്ദീപ്, വല്ലച്ചിറ ചെറുശ്ശേരി കല്ലുപാലം ഗോപി, തടി കടത്താൻ ഉപയോഗിച്ച വാഹനങ്ങളുടെ ഡ്രൈവർമാരായ ഇരിങ്ങാലക്കുട പാറോത്ത് പറമ്പിൽ ഷേക്ക് ഷഫ്രിൻ, എടക്കുനി തൈക്കാട്ടുശ്ശേരി മണ്ടോലി വീട്ടിൽ ഗീത്, ജെസിബി ഓപ്പറേറ്റർ തൊട്ടിപ്പാൾ മലയാറ്റിൻ വീട്ടിൽ അതുൽ എന്നിവരെയാണ് പിടികൂടിയത്. ഇവരെ എല്ലാവരെയും ജാമ്യത്തിൽ വിട്ടു. കൂടാതെ ലോറി, ദോസ്ത്, എസ്‌കവേറ്റർ, മൂന്ന് മെഷീൻ വാളുകൾ, 48 കഷണം തേക്കുതടികൾ, 21 കഷണം ചടച്ചി തടികൾ തുടങ്ങിയവയും പിടികൂടിയിട്ടുണ്ട്.



Post a Comment

0 Comments