പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവം നാളെ നടക്കും. പൂരത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭരണസമിതി അംഗങ്ങൾ അറിയിച്ചു. കൂട്ടിയെഴുന്നള്ളിപ്പിൽ 39 ഗജവീരന്മാരാണ് അണിനിരക്കുന്നത്.
മകര ദിവസം രാവിലെ 3.30ന് നടതുറപ്പ്, നിർമാല്യം, അഭിഷേകം, മലർനിവേദ്യം, ഉഷ നിവേദ്യം, എതിർത്തു പൂജ, പന്തിരടി പൂജ, 8. 30 ന് ദേവിയുടെ തിടമ്പേറ്റിയ ഗജവീരന്റെ അകമ്പടിയോടെ ശീവേലി, 9.30ന് സോപാനസംഗീതം, 11.30 ന് മദ്യാന പൂജ, 3.30 മുതൽ 4 30 വരെ ക്ഷേത്രത്തിൽ പൂരം വരവേൽപ്പ് എന്നിവ നടക്കും. തുടർന്ന് ദേശ പൂരങ്ങൾ വൈകീട്ട് 5:30ന് നടക്കുന്ന കൂട്ടി എഴുന്നുള്ളിപ്പിൽ പങ്കെടുക്കും.
ചിറക്കാക്കോട് ദേശത്തിനുവേണ്ടി ഗജവീരൻ പാമ്പാടി രാജൻ ദേവിയുടെ തിടമ്പ് ഏറ്റുമ്പോൾ ചെമ്പൂത്ര വടക്ക് ദേശത്തിനുവേണ്ടി മംഗലാംകുന്ന് അയ്യപ്പൻ വലതു കൂട്ടും, ഇമ്മട്ടി പറമ്പ് ദേശത്തിനുവേണ്ടി പുതുപ്പള്ളി സാധു ഇടതുകൂട്ടും നിൽക്കും. ഉത്സവ ദിവസം വൈകിട്ട് 5.30 മുതൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളവും, 18ന് പുലർച്ചെ 5.30 മുതൽ മേള കലാരത്നം കിഴക്കൂട്ട് അനിയന്മാരാരുടെ പാഞ്ചാരിമേളവും ഉണ്ടാകും. ബുധനാഴ്ച രാവിലെ 5.30ന് പഞ്ചാരിമേളത്തോടെയുള്ള കൂട്ടിഎഴുന്നള്ളിപ്പ് ആരംഭിച്ച് രാവിലെ എട്ടു മണിയോടെ സമാപിക്കും. തുടർന്ന് ഒറുകുളങ്ങരയിലെ ആറാട്ടിന് ശേഷം കൊടിയിറക്കം.


0 Comments