തൃശൂർ. വിവിധ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹികസാമ്പത്തിക നയരൂപീകരണത്തിനുമായി നടത്തുന്ന കാർഷിക സെൻസസിന് ജനുവരി 9നു തുടക്കമാകും. ജില്ലയിലെ എല്ലാ വാർഡുകളിലെയും എല്ലാ കെട്ടിടങ്ങളിലും എന്യൂമറേറ്റർമാർ നേരിട്ടെത്തി വിവരശേഖരണം നടത്തും. ആൻഡ്രോയിഡ് ഫോൺ ഉപയോഗിച്ച് ഡിജിറ്റലായാണ് സർവ്വേ നടത്തുന്നത്. ഇതിനായി 596 എന്യൂമറേറ്റർമാരെ കണ്ടെത്തി പരിശീലനം നൽകി.
കേന്ദ്ര സർക്കാർ നടത്തുന്ന സർവ്വേ സംസ്ഥാനത്ത് ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പാണ് നടപ്പാക്കുന്നത്. കാർഷിക ഭൂമിയുടെ വിസ്തൃതി, കൃഷിരീതികൾ, ജലസേചന രീതി, വളം കീടനാശിനി ഉപയോഗം തുടങ്ങിയ വിവരങ്ങളാകും എന്യൂമറേറ്റർമാർ സർവ്വേ ചെയ്യുക. ഈ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് കാർഷിക വികസന പദ്ധതികളും നയരൂപീകരണവും ഉണ്ടാവുക. അതിനാൽ സത്യസന്ധമായ വിവരങ്ങൾ കൈമാറണമെന്ന് ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ പി എ വിഭൂഷണൻ പറഞ്ഞു. സർവ്വേ വിജയിപ്പിക്കുന്നതിനും പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ജില്ലാതല ഏകോപന സമിതി യോഗം ചേർന്നു.
ലാൻഡ് റവന്യു ഡെപ്യൂട്ടി കളക്ടർ പി എ വിഭൂഷണൻ അധ്യക്ഷനായി. വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു. 202122 അടിസ്ഥാനമാക്കി എല്ലാ സംസ്ഥാനങ്ങളിലും പതിനൊന്നാമത് കാർഷിക സെൻസസ് നടത്തുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തും സർവ്വേ നടത്തുന്നത്.


0 Comments