പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് വാർഷിക പൊതുയോഗം ചേർന്നു


പട്ടിക്കാട്. പാണഞ്ചേരി സർവീസ്  സഹകരണ ബാങ്കിന്റെ വാർഷിക പൊതുയോഗം കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു സഹകരണ സ്ഥാപനം എങ്ങനെ പ്രവർത്തിക്കണം എന്നതിന് ഉത്തമ ഉദാഹരണമാണ് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നും ഒരു നാടിന്റെ വികസനത്തിന് വേണ്ട സർവ്വ മേഖലകളിലും പുതിയ പദ്ധതികൾ കണ്ടെത്തി അത് പ്രാവർത്തികമാക്കുന്നതിൽ പൂർണ്ണമായ വിജയം നേടിയിരിക്കുകയാണ് പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് എന്നും എം.കെ കണ്ണൻ പറഞ്ഞു. 

ബാങ്കിന്റെ കീഴിലുള്ള പീച്ചി അഗ്രി ഇൻഡസ്ട്രിയൻ പാർക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉല്പന്നങ്ങളായ 'മൺമിത്ര' ജൈവ വളത്തിന്റേയും, 'ജൈത്രി' പഴംപച്ചക്കറി മൂല്യവർദ്ധിത ഉല്പന്നങ്ങളുടേയും വിപണനോത്ഘാടനവും എം.കെ കണ്ണൻ നിർവഹിച്ചു. സംസ്ഥാനതല സ്‌കൂൾ അത്‌ലറ്റിക്‌സിൽ മൂന്ന് സ്വർണ്ണമെഡലും ഒരു വെള്ളിമെഡലും നേടിയ അശ്വതിയെ ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു. ബാങ്ക് പ്രസിഡന്റ്  വിൽസൺ ചെമ്പനാൽ അദ്ധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ മോഹനദാസൻ, സുരേശൻ, സുരേന്ദ്രൻ, സുബിൻകുമാർ, ഷാജി, രഞ്ജിത്, പ്രസീദ്, ലത കൃഷ്ണൻകുട്ടി, ഷൈലജ വിജയകുമാർ, സെക്രട്ടറി എ.വി. ജോജു എന്നിവർ പങ്കെടുത്തു സംസാരിച്ചു. ബാങ്ക് ട്രഷറർ എം.പി.സാബു സ്വാഗതവും, വൈസ് പ്രസിഡന്റ് തങ്കമണി ജോസ് നന്ദിയും പറഞ്ഞു.


Post a Comment

0 Comments