അധികൃതരുടെ അനാസ്ഥ: ആൽപ്പാറയിൽ കനാൽ വെള്ളം ഒഴുകി; റോഡ് തകർന്നു


ആൽപ്പാറ. വാര്യത്തുപടിയിൽ വലതുകര കനാലിൽ നിന്നുള്ള വെള്ളം പുറത്തേക്കൊഴുകി റോഡ് തകർന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് അറ്റകുറ്റപ്പണികൾ നടത്തി കുഴിയടച്ച റോഡാണ് ഇപ്പോൾ നിരന്തരം വെള്ളമൊഴുകി വീണ്ടും തകർന്നത്.  

വാര്യത്തുപടിയിൽ പീച്ചി ഡാം റോഡിന് സമീപത്തു കൂടിയാണ് വലതുകര കനാലിന്റെ ബ്രാഞ്ച് ഒഴുകുന്നത്. കനാലിൽ ഈ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സ്പൗട്ടിന്റെ തകരാർ പരിഹരിക്കാത്തതു കൊണ്ടാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത് എന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. സ്പൗട്ട് തകരാറിലായിട്ട് കാലങ്ങളായെന്നും കനാലിലൂടെ വെള്ളം തുറന്നു വിട്ട് ഏറെ ദിവസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ  ഇറിഗേഷൻ അധികൃതർ തയ്യാറാ യില്ലെന്നും നാട്ടുകാർ പറഞ്ഞു. ഈ ഭാഗത്ത് റോഡിന് ഇരുഭാഗത്തും കാനകളില്ല. അതുകൊണ്ട് റോഡിലൂടെ വെള്ളം പുഴ പോലെ ഒഴുകുകയാണ്. പള്ളിക്കണ്ടം വരെയുള്ള ഭാഗത്ത് റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും തകർച്ചയുടെ വക്കിലാണ്. കനാൽ വെള്ളം നിർത്തുന്നത് വരെയും വെള്ളം ഒഴുകിക്കൊണ്ടിരുന്നാൽ റോഡ് അവശേഷിക്കില്ല. 

പീച്ചി ഡാം റോഡിൽ ഏറ്റവും ദുർഘടമായ മേഖലയാണ് ആൽപ്പാറ വാരിയത്തുപടി പ്രദേശം. ഈ ഭാഗത്ത് റോഡിന്റെ വളവും കുഴികളും കൂടിയാകുമ്പോൾ അപകടസാധ്യത കൂടും. ഇക്കാര്യത്തിൽ അധികൃതർ അടിയന്തര ശ്രദ്ധ ചെലുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



Post a Comment

0 Comments