കർഷകർ നട്ടുപിടിപ്പിച്ച മരങ്ങൾ മുറിക്കാൻ അനുമതി വേണം: കേരള കർഷക യൂണിയൻ (എം)


തൃശൂർ. വനമേഖയുമായി ബന്ധപ്പെട്ട വില്ലേജുകളിലെ എൽ.എ പട്ടയഭൂമിയിൽ കർഷകർ നട്ടുപിടിപ്പിച്ച തേക്ക് ഉൾപ്പെടെയുള്ള മരങ്ങൾ ഗൃഹനിർമ്മാണത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി മുറിക്കാൻ നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക യൂണിയൻ (എം) തൃശ്ശൂർ ജില്ലാ കമ്മിറ്റി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി. കാലങ്ങളായി കർഷകർ കൈവശം വെച്ച് കൃഷി ചെയ്ത് വാസയോഗ്യമാക്കിയ തരിശു ഭൂമിക്ക് പട്ടയം നൽകുന്നതിലുള്ള പരിമിതികൾ ഒഴിവാക്കി പൂർണ്ണമായും കൈവശക്കാർക്ക് തന്നെ  പട്ടയം നൽകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത് പരിധിയിലെ മേച്ചിൽപുറം സ്ഥലങ്ങൾ ഗ്രാമപഞ്ചായത്തിൽ നിക്ഷിപ്തമാണെങ്കിലും അവ പഞ്ചായ ത്തിന്റെ ആസ്തി രജിസ്റ്ററിൽ പൂർണ്ണമായും ഉൾപ്പെട്ടതായി കാണുന്നില്ല. ഇവ റവന്യൂ വകുപ്പിന് കൈമാറി പട്ടയം നൽകാൻ വേണ്ട  നിയമഭേദഗതി ഉണ്ടാക്കണം. 2009 ൽ നിലവിൽ വന്ന സ്പഷ്ടീകരണ ഭേദഗതിയിലൂടെ എൽ.എ പട്ടയങ്ങളുടെ കൈമാറ്റ കാലാവധി മൂന്ന് വർഷം എന്നത്  ഇരുപത്തിഅഞ്ച് വർഷമാക്കിയത്  ഇത്തരം പട്ടയങ്ങളിൽ വായ്പകൾ ലഭി ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇത് പരിഹരിക്കണം. എസ്.ടി. വിഭാഗത്തിലെ ക്രയവിക്രയ സാധ്യത ഇല്ലാത്ത എൽ.എ പട്ടയങ്ങളുടെ കാര്യത്തിൽ, ഇവരിൽ നിന്ന് മറ്റു വിഭാഗക്കാർ ആധാരം വഴി മാറ്റപ്പെടുത്തിയവ ക്രമപ്പെടുത്താനുള്ള ഭേദഗതി ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരള കർഷക യൂണിയൻ (എം) ജില്ല പ്രസിഡന്റ് ജോസ് മുതുകാട്ടിൽ റവന്യൂമന്ത്രി കെ. രാജന് നിവേദനം കൈമാറി.



Post a Comment

0 Comments