പട്ടിക്കാട്. ലൈൻ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ അധികൃതർ ശ്രമിക്കുമ്പോഴും മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ ഇത്തരം നിയമലംഘകരുടെ എണ്ണം കൂടിവരികയാണ്. ഇതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഇന്നലെ രാത്രി കൊമ്പഴയിൽ വെച്ച് തലക്കോട്ടുകര കുറ്റിക്കാട്ട് വീട്ടിൽ വർഗീസ് മകൻ ക്രിസ്റ്റഫർ (45) മരണപ്പെട്ടത്.
ലൈൻ ട്രാഫിക് നിയമപ്രകാരം വേഗം കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതുവശത്തെ ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ. മൂന്നുവരിപ്പാതയിൽ വലത്തെ അറ്റത്തെ ട്രാക്ക് ഫാസ്റ്റ് ട്രാക്ക് എന്നാണ് അറിയപ്പെടുന്നത്. വേഗത കൂടിയ രീതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങളും ഓവർട്ടേക്ക് ചെയ്തു പോകേണ്ട വാഹനങ്ങളുമാണ് ഫാസ്റ്റ് ട്രാക്കിലൂടെ സഞ്ചരിക്കേണ്ടത്.
എന്നാൽ മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ കണ്ടെയ്‌നർ ലോറികളും ചരക്കുവാഹനങ്ങളും ഫാസ്റ്റ് ട്രാക്കിലൂടെ മാത്രമാണ് അധികവും സഞ്ചരിക്കാറുള്ളത്. ഇതുമൂലം ഇടതു വശുത്തുകൂടിയുള്ള ഓവർട്ടേക്കിങ്ങും അതുമൂലമുണ്ടാകുന്ന അപകടങ്ങളും നിത്യസംഭവമാണ്. ഇതിനു പുറമെയാണ് കേടായ വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിൽ നിർത്തിയിടുന്നതും അതുമൂലമുണ്ടാകുന്ന അപകടങ്ങളും.
പലപ്പോഴും ഇത്തരം വാഹനങ്ങൾ പാർക്ക് ലൈറ്റുകളോ മുന്നറിയിപ്പ് ബോർഡുകളോ ഉപയോഗിക്കാറുമില്ല. കേടായ വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിൽ നിന്നും മാറ്റിയിടാൻ ദേശീയപാത അധികൃതർ ശ്രദ്ധിക്കേണ്ടതും ആവശ്യമാണ്. അതിനുള്ള ക്രെയിൻ സംവിധാനങ്ങൾ തുരങ്കമുഖത്ത് ക്രമീകരിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതുമാണ്. കൂടാതെ റിക്കവറി വാൻ സർവ്വീസും ദേശീയപാതയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നിട്ടും ദേശീയപാതയിൽ ഇത്തരത്തിൽ ജീവൻ പൊലിയേണ്ടിവരുന്നത് അധികൃതരുടെ അനാസ്ഥ മാത്രമാണെന്നാണ് പൊതുജനത്തിന്റെ അഭിപ്രായം. ഇതിനെതിരെ കർശന നടപടികൾക്ക് ഉന്നത ഉദ്യോഗസ്ഥർ തയ്യാറായില്ലെങ്കിൽ ഇത്തരം അപകടങ്ങൾ ഇനിയും ആവർത്തിക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകി.



0 Comments