പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ വയോജനങ്ങൾക്ക് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2022-23 സാമ്പത്തികവർഷത്തിൽ നൽകേണ്ട കട്ടിലുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു.
ജനങ്ങൾക്ക് വേണ്ടിയുള്ള ക്ഷേമ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ എന്നും മുന്നിലാണെന്നും കേന്ദ്രസർക്കാരിൽ നിന്നുള്ള സഹായങ്ങൾ ലഭ്യമായില്ലെങ്കിലും അത് ജനജീവിതത്തെ ബാധിക്കാത്ത നിലയിൽ സംസ്ഥാന സർക്കാർ നടപ്പിലാക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ വിഭാഗത്തൽ 235 പേർക്കും എസ്‌സി വിഭാഗത്തിൽ 65 പേർക്കുമാണ് കട്ടിലുകൾ വിതരണം ചെയ്യുക.
പഞ്ചായത്തിലെ എട്ട് വാർഡുകളിലെ വയോജനങ്ങൾക്ക് രണ്ട് ഘട്ടമായാണ് ഇവ നൽകുന്നത്. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, സംയോജിത ശിശുവികസന സേവന പദ്ധതി സൂപ്പർവൈസർ കെ.എം. നിത തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.


0 Comments