കന്നുകാലികളിലെ ചർമ്മമുഴ: പഞ്ചായത്തിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു


പട്ടിക്കാട്. കന്നുകാലികളിൽ കണ്ടുവരുന്ന പുതിയ രോഗമായ ചർമ്മമുഴ അഥവാ ലംപി സ്കിൻ ഡിസീസ് എന്ന രോഗത്തിനെതിരെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സൗജന്യ പ്രതിരോധ കുത്തിവെപ്പ് ആരംഭിച്ചു. പഞ്ചായത്ത് മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ  ഇത്തരത്തിലുള്ള ജീവൻ രക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് തികച്ചും സ്വാഗതാർഹമാണെന്ന് പി.പി രവീന്ദ്രൻ പറഞ്ഞു.

തുടർന്ന് കന്നുകാലികൾക്ക് വാക്സിൻ കുത്തിവെപ്പ് നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ്, ദേശീയ  ജന്തുരോഗ നിയന്ത്രണ പദ്ധതി വഴിയാണ് കന്നുകാലികളിലെ  ചർമ്മ മുഴയ്ക്ക് സൗജന്യമായി വാക്സിൻ നൽകിവരുന്നത്.

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ  വാക്‌സിനേഷൻ യജ്‌ഞം ഫെബ്രുവരി 24 വരെ നടക്കും. സീനിയർ വെറ്ററിനറി സർജൻ  ഡോ. സിന്ധു പദ്ധതി വിശദീകരണം  നടത്തി. അസിസ്റ്റന്റ് ഫീൽഡ് ഓഫീസർമാരായ പ്രേമദാസൻ, ജെന്നിങ്സ്, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ മിഥുൻ, വിദ്യ മറ്റു സ്റ്റാഫുകൾ എന്നിവരും പങ്കെടുത്തു. പാണഞ്ചേരി  പഞ്ചായത്തിലെ ക്ഷീര സംഘങ്ങളുടെയും പാണഞ്ചേരി  പഞ്ചായത്തിന്റെയും സഹകരണത്തോടെ  വാക്‌സിനേറ്റർമാർ വീടുകൾ  തോറും  എത്തിയാണ് കുത്തിവയ്പ്പ് നടത്തുന്നത്. രോഗബാധയില്ലാത്ത എല്ലാ കന്നുകാലികൾക്കും  കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്ന് സീനിയർ വെറ്റിനറി സർജൻ ഡോ. സിന്ധു പറഞ്ഞു.



Post a Comment

0 Comments