പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ തോട്ടപ്പടി മേൽ പാലത്തിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. അപകടത്തെ തുടർന്ന് മുൻഭാഗത്തെ വീലുകൾ വാഹനത്തിൽ നിന്നും വേർപെട്ട നിലയിലാണ്. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മംഗലംഡാമിൽ നിന്നും എം സാൻഡ് കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ഡ്രൈവർ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
കഴിഞ്ഞ ചില മാസങ്ങളായി തോട്ടപ്പടിക്കും വഴുക്കുംപാറയ്ക്കും ഇടയിൽ നിരവധി ടോറസ് ലോറികൾ ആണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർമാർ ഉറങ്ങി പോകുന്നതും അമിതമായ വേഗതയും അപകടങ്ങൾക്ക് കാരണമാകാറുണ്ട്. രാത്രിയിൽ ലോഡ് കയറ്റുന്നതിന് വേണ്ടി ക്രഷറുകളിൽ കാത്തു കിടക്കേണ്ടി വരുന്നതിനാൽ ഡ്രൈവർമാരുടെ ഉറക്ക കുറവ് അപകടങ്ങൾക്ക് വഴിയൊരുക്കുകയാണ് ചെയ്യുന്നത്. മാത്രമല്ല പല ടോറസ് ലോറികളും ലൈൻ ട്രാഫിക് നിയമം ലംഘിച്ചാണ് ദേശീയപാതയിലൂടെ സഞ്ചരിക്കുന്നത്. ഇത്തരത്തിൽ ഫാസ്റ്റ് ട്രാക്കിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ചുമറിയാനുള്ള സാധ്യതയും കൂടുതലാണ്. ഗതാഗത നിയമം ലംഘിച്ചു ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആറുവരിപ്പാതയിൽ ടോറസ് ലോറികളുടെ അപകടങ്ങൾ തുടർക്കഥയാകും എന്നതിൽ സംശയമില്ല.


0 Comments