പട്ടിക്കാട്. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിൽ നിന്നും പട്ടിക്കാട് ഭാഗത്തേക്കുള്ള സർവ്വീസ് റോഡിലേക്ക് ഇറങ്ങുന്നിടത്തെ അനധികൃത പാർക്കിങ് യാത്രക്കാർക്ക് അപകടഭീഷണിയാകുന്നു. പാലക്കാട് ഭാഗത്തേക്കുള്ള പാതയിൽ നിന്നും പട്ടിക്കാട്, പീച്ചി ഭാഗത്തേക്കുള്ള വാഹനങ്ങൾ സർവ്വീസ് റോഡിലേയ്ക്ക് പ്രവേശിക്കുന്നിടത്താണ് കണ്ടെയ്‌നർ, ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിങ്.
പാലക്കാട്, പീച്ചി ഭാഗത്തേക്കുള്ള സ്വകാര്യ ബസുകൾ ഉൾപ്പെടെ ഇതുവഴിയാണ് കടന്നു പോകുന്നത്. മാത്രമല്ല പട്ടിക്കാട് നിന്നും ചെമ്പൂത്ര ഭാഗത്തേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് തിരികെ വരുന്നത്. ഇതിനിടയിൽ കണ്ടെയ്‌നർ ലോറികൾ പോലുള്ള വാഹനങ്ങൾ ഈ ഭാഗത്ത് പാർക്കിങ് നടത്തുന്നത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക. ഇതിനെതിരെ മുന്നറിയിപ്പ് ബോർഡുകൾ പോലും ഇവിടെയില്ല. അധികൃതർ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


0 Comments