പട്ടിക്കാട്. ഷോപ്പിംഗ് കോംപ്ലക്‌സിൽ കൂടുകൂട്ടിയ വൻ തേനീച്ചക്കൂട്ടം ജനങ്ങൾക്ക് ഭീഷണിയായി. പട്ടിക്കാട് സെന്ററിലെ കൂരുവേലിൽ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ മൂന്നാം നിലയിലെ ഷട്ടറിന്മേലാണ് തേനീച്ചക്കൂട് ഉള്ളത്. നിരവധി വ്യാപാര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഒട്ടേറെ ആളുകൾ ഇവിടെയുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് ആളുകൾ വിവിധ ആവശ്യങ്ങൾക്കായി ഇവിടെ വന്നു പോകുന്നുണ്ട്. ഈ ഷോപ്പിംഗ് കോംപ്ലക്‌സിന് ചുറ്റുമുള്ള കെട്ടിടങ്ങളിലും ധാരാളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ തേനീച്ചക്കൂട്ടം ഇളകിയാൽ അത് വലിയ അപകടത്തിനിടയാക്കും. ഇവിടെ ജോലി ചെയ്യുന്നവരും വിവിധ ആവശ്യങ്ങൾക്കായി ഇവിടേക്ക് വരുന്ന ജനങ്ങളും വലിയ ഭീതിയിലാണ്.
അപകടകരഹിതമായി തേനീച്ചക്കൂട്ടത്തെ ഒഴിവാക്കാൻ സംവിധാനങ്ങൾ ഉണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ഉടമ അതിന് തയ്യാറാകുന്നില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറഞ്ഞു. സമീപകാലത്തായി പാണഞ്ചേരി പഞ്ചായത്തിൽ തേനീച്ചകളുടെയും കടന്നൽക്കൂട്ടത്തിന്റെയും ആക്രമണത്തിൽ പലർക്കും മാരകമായി പരിക്കേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തേനീച്ചക്കൂട് നീക്കം ചെയ്യാൻ ഷോപ്പിംഗ് കോംപ്ലക്‌സ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു.


0 Comments