പട്ടിക്കാട്. ബദൽ യാത്ര സൗകര്യമൊരുക്കാതെ കല്ലിടുക്ക് താണിപ്പാടം ഭാഗത്തെ യു ടേൺ അടയ്ക്കാനുള്ള നീക്കം തടയുമെന്ന് വാർഡ് മെമ്പർ എം.ജെ. അനീഷ് പറഞ്ഞു. കല്ലിടുക്കിനും താണിപ്പാടത്തിനും മധ്യേയുള്ള യു ടേൺ സുരക്ഷയുടെ പേരിൽ അടക്കാൻ കൊണ്ടുവന്ന കോൺക്രീറ്റ് ബാരിക്കേഡുകൾ തിരികെ കയറ്റി അയക്കുകയും ചെയ്തു.
തൃശ്ശൂർ ഭാഗത്തുനിന്ന് വരുന്ന തെക്കുംപാടം, മയിലാട്ടുംപാറ, വഴുക്കുംപാറ വാർഡുകളിലെ ജനങ്ങൾക്ക് വഴുക്കുംപാറ അടിപ്പാത വഴി തിരികെ കല്ലിടുക്കിൽ എത്താൻ 7 കിലോമീറ്റർ ചുറ്റി സഞ്ചരിക്കേണ്ടതുണ്ട്. എന്നാൽ തമ്പുരാട്ടിപ്പടിയിലെ സർവീസ് റോഡിന്റെ പണികൾ പൂർത്തീകരിച്ചാൽ പ്രദേശവാസികളുടെ യാത്രാദുരതത്തിന് പരിഹാരമാകുമെന്ന് വാർഡ് മെമ്പർ പറഞ്ഞു.
ഇതിനായി വനം വകുപ്പിന്റെ കീഴിലുള്ള ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് പണികൾ പൂർത്തിയാക്കണമെന്ന് റവന്യൂ മന്ത്രി, തൃശ്ശൂർ ജില്ലാകളക്ടർ, പാണഞ്ചേരി ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ ചേർന്ന് നടത്തിയ യോഗത്തിൽ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ പരിഹാരം കാണാൻ അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ പറഞ്ഞു. സി.എം ദാമോധരൻ, സന്തോഷ് കീറ്റിക്കൽ തുടങ്ങിയവർ പങ്കെടുത്തു.


0 Comments