കനാൽ വെള്ളം മൂലം ദുരിതക്കയത്തിലായി ഒരു കുടുംബം


ആൽപ്പാറ. കനാൽ വെള്ളം തുറന്നുവിട്ടതോടെ ദുരിതക്കയത്തിൽ ആയിരിക്കുകയാണ് ഒരു കുടുംബം. ആൽപ്പാറ വാരിയത്തുപടിക്കു സമീപം താമസിക്കുന്ന കറപ്പംവീട്ടിൽ അടിമുവിന്റെ കുടുംബമാണ് പുരയിടത്തിലേക്ക് ഇറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടിൽ അകപ്പെട്ടത്. 

പീച്ചി വലതുകര കനാലിന്റെ ബ്രാഞ്ചിലൂടെ വെള്ളം തുറന്നു വിട്ടതോടെയാണ് ഇവരുടെ പറമ്പും പരിസരങ്ങളും വെള്ളക്കെട്ടിൽ ആയത്. കനാലിന്റെ വശങ്ങളും അടിയും കോൺക്രീറ്റ് ചെയ്യാത്തതുകൊണ്ട് വെള്ളം ഊർന്നിറങ്ങി താഴ്ഭാഗത്തുള്ള പറമ്പുകളിൽ നിറയുകയാണ്. കനാൽ വെള്ളം തുറന്നുവിട്ടാൽ എല്ലാ കാലത്തും ഇതു തന്നെയാണ് അവസ്ഥ എന്ന് അടിമുവിന്റെ ഭാര്യ സുഹറ പറഞ്ഞു. പറമ്പിൽ വെള്ളക്കെട്ട് ആയതോടെ ഇവരുടെ കിണറും ടോയ്‌ലറ്റ് ഒന്നും  ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയായി. തൊഴുത്തിന്റെയും ചാണകക്കുഴിയുടെയും അവസ്ഥ ഇതുതന്നെ. വാഴ, കുരുമുളക്, തെങ്ങ്, ജാതി തുടങ്ങിയ കൃഷികളും വെള്ളക്കെട്ടു മൂലം നശിക്കുകയാണ്.  

ബ്രാഞ്ച് കനാലിലൂടെ വെള്ളം തുറന്നുവിടുമ്പോൾ കോൺക്രീറ്റിംഗ് നടത്താത്ത സ്ഥലങ്ങളിൽ താഴ്ഭാഗത്തുള്ള മിക്ക പ്രദേശങ്ങളിലും ഇതാണ് അവസ്ഥ. ഇറിഗേഷൻ അധികൃതരെ ഇക്കാര്യം പലതവണ ബോധ്യപ്പെടുത്തിയിട്ടും നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് അടിമു പറഞ്ഞു.


Post a Comment

0 Comments