തെക്കുംപാടം. തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റ് ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരുടെ വളർത്തുനായ തേനീച്ചകളുടെ കുത്തേറ്റ് ചത്തു. തെക്കുംപാടം മഞ്ഞക്കുന്നിൽ താമസിക്കുന്ന പഴാർണിയിൽ ഹരിദാസ്, ഭാര്യ രജനി, മക്കളായ അശ്വതി, ശ്യാം എന്നിവർക്കാണ് ശരീരമാസകലം തേനീച്ചകളുടെ കുത്തേറ്റത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത്.
മുറ്റത്ത് സൈക്കിൾ ചവിട്ടുകയായിരുന്ന ശ്യാമിനു നേരെയാണ് ആദ്യം തേനീച്ചക്കൂട്ടം ഇരമ്പിയെത്തിയത്. തേനീച്ചകളുടെ കുത്തേറ്റ് കുട്ടി സൈക്കിളിൽ നിന്നും വീണു. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഹരിദാസിനെയും രജനിയെയും അശ്വതിയെയും തേനീച്ചക്കൂട്ടം ആക്രമിച്ചു. ഇവർ വീടിനകത്തേക്ക് ഓടിക്കയറിയെങ്കിലും വീടിനകത്തും തേനീച്ചകൾ നിറഞ്ഞു. പിന്നീട് ശരീരത്തിലേക്ക് വെള്ളമൊഴിച്ച് പുറത്തേക്കു ഓടിയ ഇവരെ തേനീച്ചക്കൂട്ടം പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. വഴിയോരത്തെ ഉണങ്ങിയപുല്ലിന് തീയിട്ടാണ് ഒരു വിധത്തിൽ തേനീച്ചകളെ അകറ്റിയത്. ഇതിനിടെ നാലുപേർക്കും ശരീരമാസകലം കുത്തേറ്റിരുന്നു. ഓടുന്നതിനിടെ വീണ് രജനിയുടെ കാലിലെ വിരൽ ഒടിയുകയും ചെയ്തു. ഉടനെ നാട്ടുകാർ ചേർന്ന് പട്ടിക്കാട് പീച്ചീസ് ആശുപത്രിയിൽ എത്തിച്ച് അടിയന്തര ചികിത്സ നൽകിയതിനാൽ ജീവൻ രക്ഷിക്കാനായി. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചും ചികിത്സ നൽകി.
പട്ടിക്കാട് ലോട്ടറി വില്പന നടത്തുന്ന ഹരിദാസിന്റെ കുടുംബം ഒറ്റമുറി വാടകവീട്ടിലാണ് താമസിക്കുന്നത്. വനമേഖലയോട് ചേർന്നുകിടക്കുന്ന പ്രദേശമായതിനാൽ കാട്ടിൽ നിന്നും എത്തിയ വൻതേനീച്ചക്കൂട്ടമാകാം ഇവരെ ആക്രമിച്ചതെന്ന് കരുതുന്നു.


0 Comments