പീച്ചി. പീച്ചി ചെറുകിട ജല വൈദ്യുത പദ്ധതിയിൽ നിന്നും വൈദ്യുതി ഉൽപാദനം പുനരാരംഭിച്ചു. രണ്ടു വർഷത്തിനു ശേഷം കഴിഞ്ഞ നവംബറിൽ വലതുകര കനാലിൽ വെള്ളം തുറന്നു വിട്ടപ്പോൾ ഉൽപാദനം ആരംഭിച്ചുവെങ്കിലും മഴ മൂലം വെള്ളം നിർത്തിയതിനെ തുടർന്ന് ഉൽപാദനവും നിർത്തി. പിന്നീട് ഡിസംബർ 26 ന് ഉൽപാദനം വീണ്ടും തുടങ്ങി. 1.25 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതിയിൽ നിന്ന് ഇപ്പോൾ പ്രതിദിനം ആയിരം കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുന്നത്. ജലലഭ്യതയനുസരിച്ച് പൂർണ്ണശേഷിയിൽ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിന് കേന്ദ്രം സജ്ജമാണെന്ന് അസി. എൻജിനീയർ വി.എ. ഷാഹിദ് പറഞ്ഞു.
2020 സെപ്റ്റംബർ 21ന് വലതുകര കനാലിലേക്കും വൈദ്യുതി ഉൽപാദന കേന്ദ്രത്തിലേക്കും വെള്ളം എത്തിക്കുന്ന പൈപ്പിന്റെ വാൽവ് തകർന്നതിനെ തുടർന്നാണ് വൈദ്യുതിയുടെ ഉൽപാദനം നിലച്ചത്. 50 ലക്ഷത്തോളം രൂപ വില വരുന്ന വാൽവ് പുനഃസ്ഥാപിക്കാൻ ടെണ്ടർ നടപടിക്രമങ്ങളുമായി ഇറിഗേഷൻ വകുപ്പ് മുന്നോട്ടു പോയെങ്കിലും സാങ്കേതിക തടസ്സങ്ങൾ മൂലം അത് വൈകുകയായിരുന്നു. ഇതേ തുടർന്ന് ഡിപ്പോസിറ്റ് വർക്ക് എന്ന രീതിയിൽ കെ.എസ്.ഇ.ബി തന്നെ പുതിയ വാൽവ് സ്ഥാപിക്കുകയായിരുന്നു. സാധാരണഗതിയിൽ നവംബർ മാസം മുതൽ മെയ് മാസം വരെ തടസമില്ലാതെ വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയും. മഴക്കാലത്ത് ഡാമിൽ വെള്ളം നിറയുന്നതോടെ ഉൽപാദനം തുടരാനും സാധിക്കും.


0 Comments