തൃശൂർ. മണ്ണുത്തി ദേശീയപാത 2023 പകുതിയോടെ ക്യാമറ നിരീക്ഷണത്തിലാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞനംപാറ മുതൽ വാണിയംപാറ വരെയുള്ള ദേശീയപാതയിലാണ് ക്യാമറകൾ മിഴി തുറക്കുക. മണ്ണുത്തി പൊലീസ് സ്‌റ്റേഷനിൽ ഇതിന് ആവശ്യമായ സൗകര്യം ഒരുക്കും. ക്യാമറ സ്ഥാപിക്കുന്നതോടെ മാലിന്യങ്ങൾ പൊതുഇടങ്ങളിൽ വലിച്ചെറിയുന്നവരെയും നിയമ ലംഘനം നടത്തുന്നവരെയും കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടമായാണ് വലിച്ചെറിയൽ മുക്ത ക്യാമ്പയിന് റിപ്പബ്ലിക് ദിനത്തിൽ തുടക്കം കുറിക്കുന്നത്. ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മുഴുവൻ ജനവിഭാഗങ്ങളെയും പങ്കെടുപ്പിച്ചാണ് വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിൻ വിഭാവനം ചെയ്തിരിക്കുന്നത്. ക്യാമ്പയിന്റെ ഭാഗമായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ശുചിത്വ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾക്ക് തുടക്കമായി.


0 Comments