ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയേറി


പട്ടിക്കാട്. ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയേറി. ഇന്ന് രാവിലെ എട്ടരയോടുകൂടി ആരംഭിച്ച കൊടി പൂജ, കൊടിമര പൂജ എന്നിവയ്ക്ക് ശേഷം ഒൻപതു മണിക്ക് ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ ഡോ. മുരളീകൃഷ്ണൻ നമ്പൂതിരി കൊടിയേറ്റ് നടത്തി. 

17ന് നടക്കുന്ന പൂര മഹോത്സവത്തിൽ 39 ദേശ പൂരങ്ങൾ പങ്കെടുക്കും. ചിറക്കാക്കോട് ദേശത്തിനുവേണ്ടി ഗജവീരൻ പാമ്പാടി രാജൻ ദേവിയുടെ തിടമ്പ് ഏറ്റുമ്പോൾ ചെമ്പൂത്ര വടക്ക് ദേശത്തിനുവേണ്ടി മംഗലാംകുന്ന് അയ്യപ്പൻ വലതു കൂട്ടും, ഇമ്മട്ടി പറമ്പ് ദേശത്തിനുവേണ്ടി പുതുപ്പള്ളി സാധു ഇടതുകൂട്ടും നിൽക്കും. ഉത്സവ ദിവസം വൈകിട്ട് 5 30 മുതൽ പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ പാണ്ടിമേളവും, 18ന് പുലർച്ചെ 5:30 മുതൽ മേള കലാരത്‌നം കിഴക്കൂട്ട് അനിയന്മാരാരുടെ പാഞ്ചാരിമേളവും ഉണ്ടാകും. കൊടിയേറ്റ് മുതൽ ഏഴു ദിവസവും വൈകീട്ട് ഏഴുമണി മുതൽ ക്ഷേത്ര മൈതാനത്ത് കലാപരിപാടികൾ ഉണ്ടാകും. 

കൊടിയേറ്റ ദിവസമായ വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന പൊതു പരിപാടിയിൽ മുൻ ശബരിമല മേൽശാന്തി അഴകത്ത് മന ബ്രഹ്മശ്രീ ഉണ്ണികൃഷ്ണൻ നമ്പൂതിരി ആദ്യ ഭദ്രദീപം തെളിയിക്കും. തുടർന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജൻ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തൃശ്ശൂർ ജില്ലാ കളക്ടർ ഹരിതാ വി. കുമാർ ചടങ്ങിൽ മുഖ്യാതിഥിയാകും. പഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ പ്രശസ്ത സീരിയൽ നടൻ അഖിൽ ആനന്ദ്, പ്രശസ്ത സീരിയൽ നടി സ്‌നിഷ ചന്ദ്രൻ തുടങ്ങിയവർ പൊതുസമ്മേളനത്തിൽ പങ്കെടുക്കും. ക്ഷേത്രത്തിൽ നടന്ന കൊടിയേറ്റ ചടങ്ങിനു ശേഷം 39 ദേശങ്ങളിലും കുടിയേറ്റ ചടങ്ങ് നടന്നു. 

ക്ഷേത്രമേൽശാന്തി മനീഷ് സി എം സഹകാർമികനായിരുന്നു. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് കെ.കെ. രാജേഷ്, സെക്രട്ടറി പി.ആർ. കണ്ണൻ, ഖജാൻജി ചന്ദ്രൻ വാക്കത്ത്, വൈസ് പ്രസിഡൻറ് എം.കെ. ഗിരിജാവല്ലഭൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments