സംസ്ഥാന ക്ഷീര സംഗമം 'പടവ് 2023' നാളെ ആരംഭിക്കും: പ്രചരണ പാട്ടുവണ്ടിക്ക് പട്ടിക്കാട് സ്വീകരണം നൽകി


മണ്ണുത്തി. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം 'പടവ് 2023' മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നാളെ ആരംഭിക്കും. പരിപാടിയുടെ പ്രചരണത്തിന്റെ ഭാഗമായ 'പ്രചരണ പാട്ടുവണ്ടിക്ക്' പട്ടിക്കാട് സ്വീകരണം നൽകി. സ്വീകരണ പരിപാടി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷീരകാർഷിക മേഖലയിലേയ്ക്ക് കടന്നുവരാൻ മടിക്കുന്ന പുതിയ തലമുറയ്ക്ക് മണ്ണുത്തിയിൽ നടക്കുന്ന ക്ഷീര സംഗമം ഒരു വഴിത്തിരിവാകുമെന്ന് പി.പി രവീന്ദ്രൻ പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ 12 ക്ഷീരസഹകരണ സംഘങ്ങൾ ഉള്ളത് വരും വർഷങ്ങളിൽ 20 സഹകരണ സംഘങ്ങളായി വളരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. മിൽമ ഡയറക്ടർ ബോർഡ് അംഗം ഭാസ്‌കരൻ ആദംകാവിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, ഡയറി ഫാം ഇൻസ്ട്രക്ടർ സ്മൃതി വാസുദേവൻ, ക്ഷീരസഹകരണ സംഘം ഒല്ലൂർ മണ്ഡലം സെക്രട്ടറി റെജി, വാണിയമ്പാറ പ്രസിഡന്റ് മാത്യു നൈനാൻ, താണിപ്പാടം പ്രസിഡന്റ് രാമകൃഷ്ണൻ, മലമുക്ക് പ്രസിഡന്റ് തോമസ്, ചുവന്നമണ്ണ് പ്രസിഡന്റ് മിനി, മൃഗസംരക്ഷണ വിഭാഗം അസി. പ്രൊഫസർ ഡോ. സിന്ധു, കുടുംബശ്രീ ചെയർപേഴ്‌സൺ ഉഷ മോഹൻ, സിപിഐ പാണഞ്ചേരി ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറി ജിനീഷ് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ്, മിൽമ, കേരള ഫീഡ്‌സ്, കെഎൽഡി ബോർഡ്, സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഫെബ്രുവരി 10 മുതൽ 15 വരെയാണ് സംഗമം നടക്കുന്നത്. സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ സംഗമം ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായിരിക്കും.



Post a Comment

0 Comments