പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും ആരോഗ്യവകുപ്പിൽ നിന്നും വേണ്ട സേവനങ്ങൾ ഇനിമുതൽ പട്ടിക്കാട് കുടുംബാരോഗ്യകേന്ദ്രത്തിൽ നിന്നും ലഭിക്കും. സാനിറ്റേഷൻ സർട്ടിഫിക്കറ്റിനുള്ള അപേക്ഷ, പരാതികൾ എന്നിവയ്ക്ക് ഇതുവരെ വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തെയും വാണിയമ്പാറ കുടുംബാരോഗ്യ കേന്ദ്രത്തെയും ആയിരുന്നു പഞ്ചായത്തിലെ ജനങ്ങൾ ആശ്രയിച്ചിരുന്നത്. മാത്രമല്ല കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടും വെള്ളാനിക്കര സിഎച്ച്‌സിയെയും, വാണിയമ്പാറ എഫ്എച്ച്‌സിയെയും ആശ്രയിക്കേണ്ടിവന്നത് പാണഞ്ചേരി പഞ്ചായത്തിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. ഇതിനെല്ലാം പരിഹാരമായിരിക്കുകയാണ് ആരോഗ്യവകുപ്പിന്റെ പുതിയ തീരുമാനം.
പഞ്ചായത്തിലെ എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും പൊതുജനാരോഗ്യ പ്രവർത്തനങ്ങളുടെയും, മാതൃശിശു സംരക്ഷണ പ്രവർത്തനങ്ങളുടെയും മേൽനോട്ട ചുമതലയും ഇനിമുതൽ പട്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്കായിരിക്കുമെന്ന് ജില്ലാ ആരോഗ്യവിഭാഗം മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ടി.പി അറിയിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുത്തതായി ഡോ.ശ്രീദേവി അറിയിച്ചു.


0 Comments