പട്ടിക്കാട്. ഒല്ലൂർ നിയോജകമണ്ഡലത്തിലെ വായനശാലകൾക്കുള്ള പുസ്തകങ്ങളുടെ വിതരണം ഫെബ്രുവരി 15 നു നിയമസഭ സ്പീക്കർ എ.എൻ ഷംസീർ നിർവ്വഹിക്കും. റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ പ്രത്യേക വികസന ഫണ്ട് വിനിയോഗിച്ച് നിയോജക മണ്ഡലത്തിലെ 30 വായന ശാലകൾക്കാണ് പുസ്തകങ്ങൾ നൽകുന്നത്. ഓരോ വായന ശാലയ്ക്കും 13,500 രൂപ വിലവരുന്ന പുസ്തകങ്ങളാണ് ലഭിക്കുക. ഫെബ്രുവരി 15 വൈകീട്ട് 5ന് പട്ടിക്കാട് ഗവ. എൽ.പി സ്‌കൂൾ അങ്കണത്തിൽ വെച്ചാണ് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. 25 വർഷം പൂർത്തിയാക്കിയ ഗ്രന്ഥശാല പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. പാണഞ്ചേരി, പുത്തൂർ, മാടക്കത്തറ, നടത്തറ പഞ്ചായത്ത് പ്രസിഡന്റുമാർ, കെ.ആർ രവി, വർഗ്ഗീസ് കണ്ടംകുളത്തി, വിവിധ രാഷ്ട്രീയ സാമുഹിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും
ഇതുമായി ബന്ധപ്പെട്ട് പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രന്റെ അധ്യക്ഷതയിൽ സ്വാഗത സംഘം യോഗം ചേർന്നു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജയപ്രകാശ് വാണിയമ്പാറ, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ സുബൈദ അബുബക്കർ, വായനശാല ഭാരവാഹികൾ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments