പട്ടിക്കാട്. വ്യാപരികളുടെ ആവശ്യങ്ങൾ പരിഗണിച്ച് വേണ്ട പരിഹാരം കാണാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ സൂചനാ സമരത്തിന്റെ നിറം മാറുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര പറഞ്ഞു. ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് നടന്ന സെക്രട്ടറിയേറ്റ് ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിമാസം 2100 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ വ്യാപാരികൾ സർക്കാരിലേക്ക് അടയ്ക്കുന്നതെന്നും, സർക്കാരിന്റെ പ്രധാന വരുമാനമാണ് വ്യാപാരികളുടെ ജിഎസ്ടി തുകയെന്നും അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജിഎസ്ടി അടയ്കുന്നത് നിർത്തിവെക്കുമെന്നും സർക്കാരിന്റെ സാമ്പത്തിക മേഖല തകർച്ചയിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 28 ശതമാനം വരെ ജിഎസ്ടി അടയ്ക്കുന്ന വ്യാപാരികൾ രാജ്യത്തിന്റെ വികസനത്തിൽ മുഖ്യപങ്ക് വഹിക്കുന്നവരാണെന്നും രാജു അപ്‌സര പറഞ്ഞു.
പെട്രോൾ ഡീസൽ വില വർധന, പ്ലാസ്റ്റിക് നിർമാർജനത്തിന് 100 രൂപ വീതം ഈടാക്കൽ തുടങ്ങിയവയ്‌ക്കെതിരെയും വ്യാപാരികൾ പ്രതിഷേധിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ജില്ല പ്രസിഡന്റുമായ ജാഥാ ക്യാപ്റ്റൻ കെ.വി. അബ്ദുൾ ഹമീദ്, വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments