പട്ടിക്കാട്. ഇതൾ സൗഹൃദ വേദിയും ഭക്ഷ്യോൽപന്ന ബ്രാൻഡായ ഡബിൾ ഹോഴ്‌സും ചെമ്പൂത്ര അലീസ് ഹോസ്പിറ്റലും ചേർന്ന് നടത്തുന്ന അജപരിപാലനത്തിലൂടെ അതിജീവനം പദ്ധതിയുടെ രണ്ടാംഘട്ടം തുടങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ആദായമാർഗ്ഗം ഉണ്ടാക്കി നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികൾക്ക് ഓരോ ആട്ടിൻകുട്ടികളെ നൽകി. തൃശ്ശൂർ തഹസിൽദാർ ടി. ജയശ്രീ ആട്ടിൻ കുട്ടികളെ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ഇതൾ സൗഹൃദ വേദിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അവർ പറഞ്ഞു. ജില്ല പഞ്ചായത്ത് അംഗം കെ.വി സജു അധ്യക്ഷനായി. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ മുഖ്യാതിഥിയായിരുന്നു. ഡബിൾ ഹോഴ്‌സ് പ്രതിനിധി സി.എസ് കാർത്തിക് നാരായണ സ്വാമി, ഡോ. അലി ടി മൊയ്തുണ്ണി, ഇതൾ സൗഹൃദ വേദി രക്ഷാധികാരി ബാബു തോമസ്, പ്രസിഡന്റ് കെ.കെ സാബു, സെക്രട്ടറി എം.പി അജി, ട്രഷറർ എം.ആർ അനീഷ്, റെജി വി മാത്യു, പ്രിൻസിപ്പൽ എസ്.എസ് സിന്ധുഷ, ഹെഡ്മിസ്ട്രസ് എ.എം സീമ, പി.ടി.എ പ്രസിഡന്റ് ജെയ്‌സൻ സാമുവൽ, പദ്ധതിയുടെ കോർഡിനേറ്റർ പി.ആർ സരള ടീച്ചർ, എന്നിവർ പങ്കെടുത്തു. കഴിഞ്ഞവർഷം ആരംഭിച്ച പദ്ധതിയിൽ പട്ടിക്കാട് പീച്ചി സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത 10 വിദ്യാർത്ഥികൾക്ക് ആട്ടിൻകുട്ടികളെ നൽകിയിരുന്നു.


0 Comments