പീച്ചി കനാലുകൾ തുറന്നില്ല: കാർഷിക മേഖല ആശങ്കയിൽ


പട്ടിക്കാട്. വേനൽ തിളച്ചു മറിയാൻ തുടങ്ങിയതോടെ പാണഞ്ചേരി പഞ്ചായത്തിന്റെ കാർഷിക മേഖല കടുത്ത വരൾച്ചയിലേക്ക് നീങ്ങുകയാണ്. കൃഷിക്കും കുടിവെള്ളത്തിനും കടുത്ത ക്ഷാമം നേരിടാൻ തുടങ്ങിയിരിക്കുന്നു. ജാതി, വാഴ, പച്ചക്കറി, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ ഉണക്കു ഭീഷണിയിലാണ്. കിണറുകളും കുളങ്ങളും വറ്റി വരളാൻ തുടങ്ങിയതോടെ കർഷകർ പരിഭ്രാന്തിയിലാണ്. അടിയന്തരമായി പീച്ചി ഡാമിന്റെ ഇടതുകര വലതുകര കനാലുകൾ തുറന്ന് കൃഷിക്ക് വെള്ളമെത്തിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.  സമയം അതിക്രമിച്ചിട്ടും കനാലുകൾ തുറന്നു വിടാത്തതിൽ പാണഞ്ചേരിയിലെ കർഷകർക്ക് ആശങ്കയുണ്ട്. 


വിവിധ കർഷക സംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ നേതൃത്വങ്ങളും പഞ്ചായത്ത് അംഗങ്ങളുമൊക്കെ ഇറിഗേഷൻ അധികൃതർക്ക് മുന്നിൽ ഇക്കാര്യത്തിലുള്ള ജനങ്ങളുടെ ആശങ്കയും ഭയവും അറിയിച്ചിട്ടുണ്ട്. റിസർവോയറിൽ ജലം സമൃദ്ധമായി ഉള്ളപ്പോൾ പീച്ചി ഡാം നിലനിൽക്കുന്ന പാണഞ്ചേരി പഞ്ചായത്ത് വരൾച്ചയിലേക്ക് നീങ്ങുന്നത് അനുവദിക്കാനാകില്ലെന്ന് കർഷക സംഘടനകളുടെ നേതാക്കൾ വ്യക്തമാക്കുന്നു. നേരിട്ടും അല്ലാതെയും പ്രധാനമായും കനാൽ വെള്ളത്തെ ആശ്രയിച്ചാണ് പാണഞ്ചേരിയിലെ കൃഷി നിലനിൽക്കുന്നത്. പീച്ചി ഡാമിന്റെ ഇടതുകര വലതുകര കനാലുകളിലൂടെയും അതിന്റെ ബ്രാഞ്ച് കനാലുകളിലൂടെയും എത്തുന്ന വെള്ളമാണ് ഈ കാലത്ത് കൃഷിക്ക് ഉപയോഗിക്കുന്നത്. 

കനാൽ വെള്ളം എത്തുന്നതോടെയാണ് വേനൽക്കാലത്ത് നാട്ടിലെ കുടിവെള്ള സ്രോതസ്സുകളും റീചാർജ് ചെയ്യപ്പെടുന്നത്. കനാൽ വെള്ളം എത്തുന്നത് വൈകിയാൽ കിണറുകളും കുളങ്ങളും വറ്റി വരളും എന്നു മാത്രമല്ല, പല സ്വാശ്രയ കുടിവെള്ള പദ്ധതികളും നിലയ്ക്കുന്ന സാ ഹചര്യവും ഉണ്ടാകും. പാണഞ്ചേരി പഞ്ചായത്തിലെ നെൽകൃഷി വിളവെടുപ്പ് ഇന്നത്തോടെ പൂർത്തിയായേക്കുമെന്നാണ് കൃഷി ഓഫീസുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരം. വെള്ളം തുറന്നു വിടുന്നതിന് ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കുന്നതിന് ഭരണ നേതൃത്വം അടിയന്തരമായി ഇടപെടണം. സമയാസമയങ്ങളിൽ കൃഷിക്ക് വെള്ളം എത്തിക്കാൻ കഴിയും എന്ന കാര്യം ഉറപ്പുവരുത്തണം. വർഷംതോറും മുടങ്ങാതെ നിവേദനങ്ങളും പ്രതിഷേധങ്ങളുമായി ഓഫീസുകൾ കയറിയിറങ്ങിയെങ്കിലേ ക ർഷകർക്ക് വെള്ളം കിട്ടൂ എന്ന കാര്യം ഒട്ടും ആശാസ്യമല്ല.



Post a Comment

0 Comments