പട്ടിക്കാട്. അഹമ്മദാബാദിൽ നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസ്സിൽ മികച്ച വിജയം കൈവരിച്ച പട്ടിക്കാട് ഗവ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ ജില്ലാ കളക്ടർ ഹരിത വി കുമാർ നേരിട്ടെത്തി അഭിനന്ദിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന 668 പ്രോജക്ടുകളിൽ നിന്നുള്ള 16 മികച്ച പ്രോജക്ടുകളിൽ ഒന്നായി പട്ടിക്കാട് ഗവ.ഹയർ സെക്കന്ററി സ്‌കൂളിലെ വിദ്യാർത്ഥികളുടെ പ്രോജക്ട് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ച് വിജയം കൈവരിച്ച അദ്വൈത് സി അലക്‌സ്, ഒ. എ. മുഹമ്മദ് അർഫദ് എന്നീ വിദ്യാർത്ഥികളെയും ഗൈഡ് ടീച്ചറായ എം രേണുകയേയുമാണ് ജില്ലാ കളക്ടർ നേരിട്ടെത്തി അനുമോദിച്ചത്. പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ രണ്ടു വിദ്യാർത്ഥികൾ നാഷണൽ സയൻസ് കോൺഗ്രസിൽ വിജയികളായി തിരികെയെത്തിയത് നമുക്ക് അഭിമാനിക്കാവുന്ന മുഹൂർത്തം ആണെന്ന് ജില്ലാ കളക്ടർ ഹരിത വി. കുമാർ പറഞ്ഞു.
ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ, വാർഡ് മെമ്പർ ആനി ജോയ്, സ്‌കൂൾ പ്രിൻസിപ്പാൾ എസ്. സിന്ധുഷ, ഹെഡ്മിസ്ട്രസ് എ.എം. സീമ, എസ്എസ്ജി കൺവീനർ പി.വി. സുദേവൻ, പിടിഎ പ്രസിഡന്റ് ജയ്‌സൺ സാമുവൽ, മറ്റ് പിടിഎ അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


0 Comments