വിലങ്ങന്നൂർ. താമര വെള്ളച്ചാൽ ആദിവാസി കോളനിക്ക് സമീപം പാലക്കുന്നിലെ പറമ്പിൽ സ്ഥാപിച്ചിട്ടുള്ള തേനീച്ച കൂടുകൾ സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. പട്ടിക്കാട് സ്വദേശി പുളയ്ക്കാൽ വീട്ടിൽ സണ്ണിയുടെ തേനീച്ച പെട്ടികളാണ് സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്. തേനീച്ച പെട്ടിയിൽ നിന്നും അടകളും ട്രേകളും എടുത്ത് നശിപ്പിച്ചിട്ടുണ്ട്. 30 പെട്ടികളാണ് നശിപ്പിച്ചിട്ടുള്ളത്. പെട്ടികളിൽ ഉണ്ടായിരുന്ന തേനും കൊണ്ടുപോയിട്ടുണ്ട്. ഏകദേശം 75000 രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി സണ്ണി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് സണ്ണി പീച്ചി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തേനീച്ച കൃഷി ആരംഭിച്ചിട്ട് 25 വർഷം ആയെങ്കിലും ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. കൃഷി നാശം ഉണ്ടാക്കിയവർക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് സണ്ണിയുടെ ആവശ്യം. പഞ്ചായത്തിലെ ചുരുക്കം ചില തേനീച്ച കർഷകരിൽ ഒരാളാണ് സണ്ണി. തേനീച്ച കൃഷിയുടെ ഭാഗമായി സണ്ണിയുടെ നേതൃത്വത്തിൽ 850 ഓളം തേനീച്ച കൂടുകളാണ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിട്ടുള്ളത്. തേനീച്ച കൃഷിയിൽ മികച്ച അംഗീകാരങ്ങൾ സണ്ണി നേടിയിട്ടുണ്ട്. തേനീച്ച കൃഷി മറ്റ് കാർഷിക വിളകൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. തേനീച്ചയുടെ പരാഗണം വഴി മറ്റ് വിളകൾക്ക് ഉൽപ്പാദനം കൂടുമെന്നും, തെങ്ങുകളിൽ മലയണ്ണാന്റെ വരവ് കുറഞ്ഞിട്ടുണ്ടെന്നും സണ്ണി പറഞ്ഞു.


0 Comments