പട്ടിക്കാട്. ദേശീയപാത ആറാംകല്ലിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഫാസ്റ്റ് ട്രാക്കിലാണ് അപകടം ഉണ്ടായാതെങ്കിലും ഈ സമയത്ത് മറ്റു വാഹനങ്ങൾ അതുവഴി കടന്നു വരാതിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് അപകടമുണ്ടായത്. മുൻപിൽ പോയിരുന്ന വാഹനം പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് നിർത്താൻ ശ്രമിച്ച കാറിനു പുറകിൽ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. ഫാസ്റ്റ് ട്രാക്കിലൂടെ പോകുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നിർത്താൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്കാണ് വഴിയൊരുക്കുക.
ലൈൻ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും മണ്ണുത്തി വടക്കഞ്ചേരി ദേശീയപാതയിൽ വലിയ വാഹനങ്ങൾ ഫാസ്റ്റ് ട്രാക്കിലൂടെ വേഗത കുറച്ച് സഞ്ചരിക്കുന്നതും മറ്റു വാഹനങ്ങൾ ഇടതു വശത്തൂടെ ഇവയെ മറികടക്കാൻ ശ്രമിക്കുന്നതും പതിവ് കാഴ്ചയാണ്.


0 Comments