വാണിയംപാറ. മണ്ണുത്തി വടക്കുഞ്ചേരി ദേശീയപാതയിലെ മീഡിയൻ ഓപ്പണുകൾ അടയ്ക്കുന്നത് എൻഎച്ച്എഐ കെഎംസി കരാർ കമ്പനിയുമായി ചേർന്ന് നടത്തുന്ന ഗൂഡാലോചനയുടെ ഭാഗമാണെന്ന് സിപിഐഎം പാണഞ്ചേരി ലോക്കൽ സെക്രട്ടറി മാത്യു നൈനാൻ പറഞ്ഞു. ഹൈവേ അതോറിറ്റിയും കരാർ കമ്പനിയും ചേർന്ന് വഴുക്കുംപാറയിൽ സ്വകാര്യ വ്യക്തിയിൽ നിന്നും 10 ഏക്കർ ഭൂമി വാടകയ്ക്ക് എടു ത്തിട്ടുണ്ടെന്നും ഇവിടെ ടൗൺഷിപ്പ് പദ്ധതിയുള്ളതായും അദ്ദേഹം പറഞ്ഞു. പെട്രോൾപമ്പ്, ഹോട്ടലുകൾ തുടങ്ങിയ സൗകര്യങ്ങളുമായി പണിയുന്ന ടൗൺഷിപ്പിലേയ്ക്ക് നേരിട്ട് യാത്രക്കാരെ എത്തിക്കുന്നതിന്റെ ഭാഗ മായാണ് ദേശീയപാതയിലെ മീഡിയൻ ഓപ്പണുകൾ അടയ്ക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സുരക്ഷയുടെ ഭാഗമാണെന്ന നിലയിലാണ് മീഡിയ ഓപ്പണുകൾ അടയ്ക്കുന്നതെങ്കിലും സാധാരണ ജനങ്ങളുടെ സഞ്ചാര സ്വാന്ത്ര്യത്തെ ബാധിക്കുന്ന നിലയിലാണ് ഇപ്പോൾ പണികൾ മുന്നോട്ട് പോകുന്നതെന്ന് മാത്യു നൈനാൻ കുറ്റപ്പെടുത്തി. 62 ഓളം മീഡിയൻ ഓപ്പണുകളാണ് ദേശീയപാതയിൽ അടയ്ക്കുന്നത്. പോലീസ് സംരക്ഷണയിലാണ് പണികൾ നടത്തുന്നതും. അടിയന്തര ഘട്ടങ്ങളിൽ ആംബുലൻസ്, അഗ്‌നിശമനസേന എന്നിവയ്ക്ക് പോലും ദേശീയപാതയിൽ നിന്നും കടക്കാൻ സാധിക്കാത്ത് അവസ്ഥയാണ് ഇത് മൂലം ഉണ്ടാകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.


0 Comments