പട്ടിക്കാട്. പട്ടിക്കാട് കേന്ദ്രമാക്കി അഗ്‌നിരക്ഷാനിലയം ആരംഭിക്കാത്തതിന് പിന്നിൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ഉയരുന്നു. ഇവിടെ ഒരു അഗ്‌നിരക്ഷാനിലയം ആരംഭിക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി ജില്ലാ ഫയർ ഓഫീസർ 2022 ജൂൺ 8ന് പാണഞ്ചേരി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. വർഷം ഒന്നു കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ മുന്നോട്ടു നീങ്ങിയിട്ടില്ല.
ഓരോ പ്രദേശത്തിന്റെയും അടിയന്തര സാഹചര്യങ്ങളും ജനസാന്ദ്രതയും കണക്കിലെടുത്ത് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ അഗ്‌നിരക്ഷാനിലയങ്ങൾ സ്ഥാപിക്കണമെന്ന് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് ഡയറക്ടർ ജനറൽ നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഫയർ ഓഫീസർ പാണഞ്ചേരി പഞ്ചായത്തിന് കത്ത് നൽകിയത്. കേന്ദ്രം സ്ഥാപിക്കുന്നതിന് ആവശ്യമായ കെട്ടിടമോ സ്ഥലമോ ലഭ്യമാണെങ്കിൽ
അറിയിക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നു. പാണഞ്ചേരിയെ സംബന്ധിച്ചിടത്തോളം അഗ്‌നിരക്ഷാ നിലയം സ്ഥാപിക്കേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. ആറുവരി ദേശീയപാത കടന്നുപോകുന്ന പ്രദേശമായതിനാൽ റോഡപകടങ്ങൾ പതിവാണ്. വാണിയംപാറയ്ക്കും മണ്ണുത്തിക്കും ഇടയിലാണ് ഏറെയും അപകടങ്ങൾ സംഭവിക്കുന്നത്.
ദേശീയപാതയിലെ വാഹനപ്പെരുപ്പവും, പ്രത്യേകിച്ച് ചരക്കുഗതാഗതത്തിലെ വർധനവും, കുതിരാൻ തുരങ്കം, പീച്ചി ഡാം, പീച്ചി വാഴാനി വന്യജീവി സങ്കേതം എന്നീ ഘടകങ്ങളുമെല്ലാം ഈ ആവശ്യത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. പലപ്പോഴും തീപ്പിടിത്തവുമായി ബന്ധപ്പെട്ട അപകടങ്ങളും ഇവിടെ പതിവായി സംഭവിക്കുന്നുണ്ട്. കാർഷിക സർവകലാശാലയുടെയും വന ഗവേഷണ കേന്ദ്രത്തിന്റെയും വിവിധ ക്യാമ്പസുകൾ, മറ്റ് നിരവധി സർക്കാർ സ്ഥാപനങ്ങൾ എന്നിവയൊക്കെ പ്രവർത്തിക്കുന്ന പാണഞ്ചേരി പഞ്ചായത്തിൽ മലയോര കാർഷിക മേഖലകളും ഉൾപ്പെടുന്നു. ഇക്കാരണത്താൽ പട്ടിക്കാട് അഗ്‌നിരക്ഷാനിലയം സ്ഥാപിക്കേണ്ടത് അനിവാര്യമാണെന്ന് ഫയർ ആന്റ് റെസ്‌ക്യൂ സർവീസ് അധികൃതർ തന്നെ വ്യക്തമാക്കിയിരുന്നു.
ജനങ്ങളും വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങൾ ഏറെയായി. അനുയോജ്യമായ നിരവധി സ്ഥലങ്ങൾ പാണഞ്ചേരി പഞ്ചായത്തിന്റെ പരിസരത്തു തന്നെയുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. പട്ടിക്കാട് അഗ്‌നിരക്ഷാനിലയം സ്ഥാപിക്കാൻ ഫയർ ആന്റ് റെസ്‌ക്യൂ വിഭാഗം തന്നെ മുൻകൈ എടുത്തിട്ടും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാകാത്തതിൽ ജനങ്ങൾക്ക് അമർഷമുണ്ട്. അതുകൊണ്ട് പഞ്ചായത്ത് ഇക്കാര്യത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പാണഞ്ചേരിയിലെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ജനങ്ങളും ഒരുപോലെ ആവശ്യപ്പെടുന്നു.

.jpeg)
0 Comments