ദേശീയപാത: മേൽപാതകളുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് എംപി ടി.എൻ പ്രതാപൻ


പട്ടിക്കാട്. ദേശീയ പാതയിൽ കല്ലിടുക്ക്, മുടിക്കോട്, വാണിയംപാറ മേൽപാതകളുടെയും സർവ്വീസ് റോഡുകളുടെയും നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് എം.പി ടി.എൻ പ്രതാപൻ ഹൈവേ അതോറിറ്റി അധികൃതർക്ക് കത്ത് നൽകി. നിർമാണ പ്രവർത്തികൾ പൂർത്തീകരിക്കുന്നതുവരെ ജനങ്ങളുടെ സുഗമമായ യാത്രക്ക് ആവശ്യമായ ക്രമീകരണങ്ങളും സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശീയ പാതയിൽ സർവ്വീസ് റോഡുകൾ പൂർത്തിയാക്കാതെ പ്രവേശന വഴികൾ അടയ്ക്കുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. 

പാണഞ്ചേരി പഞ്ചായത്തിലെ നിരവധി വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കുള്ള യാത്രക്കാർ ഇത് മൂലം ദുരിതത്തിലാണ്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളും സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തതും മൂലം ദിവസവും അപകടങ്ങളും അപകട മരണങ്ങളും പതിവ് കാഴ്ചകളായി. മുടിക്കോട് മുതൽ പന്നിയങ്കര വരെ ഇക്കാര്യത്തിൽ വലിയ അനാസ്ഥയാണ് നിർമ്മാണ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. 

വാണിയമ്പാറയിൽ കുളത്തിന് മുകളിലൂടെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന ആവശ്യം അവഗണിച്ചിരിയിക്കുകയാണ്. ആറ് വരി പാത ഒരു വശത്ത് നിന്ന് മറുവശത്തേക്ക് മുറിച്ച് കടക്കാൻ കാൽനടയാത്രക്കാർക്ക് യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ല. അപകടങ്ങളും മരണങ്ങളും തുടർച്ചയായ പശ്ചാത്തലത്തിലാണ് അടിയന്തിര ഇടപെടലുകൾ ആവശ്യപ്പെട്ട് എം.പി ദേശീയ പാത അതോറിറ്റിക്ക് കത്ത് നൽകിയത്.


Post a Comment

0 Comments