പട്ടിക്കാട്. നിർമ്മാണം പൂർത്തിയായ കണ്ണാറ ശ്രീ പരമേശ്വരി ഗ്രാമസേവാസമിതി മാതൃസദനത്തിന്റെ ഒന്നാം നിലയുടെ സമർപ്പണ ചടങ്ങ് കൊച്ചിൻ ഷിപ്പിയാർഡ് അസിസ്റ്റൻറ് ജനറൽ മാനേജർ പി.എൻ സമ്പത്ത് കുമാർ നിർവഹിച്ചു. സമൂഹത്തിലെ ആരോരുമില്ലാത്തവരുടെ താങ്ങും തണലുമായി പ്രവർത്തിക്കുന്ന പ്രധാന സംഘടനയാണ് സേവാഭാരതീയെന്നും ഇവരുടെ പ്രവർത്തനം മറ്റുള്ളവർക്ക് കൂടി മാതൃകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ പി.എൻ. സമ്പത്ത് പറഞ്ഞു. നിലവിലെ കെട്ടിടത്തിനു മുകളിൽ 2400 സ്‌ക്വയർ ഫീറ്റിൽ 20 അമ്മമാർക്ക് കിടക്കുന്നതിനുള്ള മൂന്ന് ഹാളുകളും, കിടപ്പ് രോഗികൾ ആയവർക്ക് പ്രത്യേക മുറികളും, ടൈൽ വിരിച്ച ആധുനിക ബാത്‌റൂമുകളും, ലിഫ്റ്റ് സംവിധാനവും, പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്. 60 ലക്ഷം രൂപയാണ് കെട്ടിടത്തിന്റെ നിർമ്മാണ ചിലവ്, ഇതിൽ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡിന്റെ സിഎസ്ആർ ഫണ്ടായ 25 ലക്ഷം രൂപ ധനസഹായമായി ലഭിച്ചിട്ടുണ്ട്. പരമേശ്വരി ഗ്രാമസേവ സമിതി പ്രസിഡൻറ് എം.സി സൂര്യകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രബുദ്ധ കേരളം മാഗസിൻ എഡിറ്റർ സ്വാമി നന്ദാത്മജാനന്ദ, രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തകാര്യ വാഹ് പി.എൻ. ഈശ്വർ എന്നിവർ പ്രസംഗിച്ചു. ആൽപ്പാറ ജുമാ മസ്ജിദ് ഇമാം ഷഹീർ ഫാളിലി മണ്ണാർക്കാട്, ചെമ്പൂത്ര കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം പ്രസിഡൻറ് കെ.കെ. രാജേഷ്, ചാലക്കുടി മാന്യ ജില്ല സംഘചാലക് അഡ്വക്കേറ്റ് റോഷ്, വിശ്വ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡൻറ് ചിന്മയ മോഹൻജി, സേവാഭാരതി ജില്ലാ വൈസ് പ്രസിഡൻറ് പ്രൊഫസർ ഡോ. സരസു, ആർ സജീവൻ, കെ എസ് കുട്ടൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മാതൃസദനം സെക്രട്ടറി ഗോപാലകൃഷ്ണൻ ടി.എസ്, ട്രഷറർ സിജിത്ത് ടി വി, സംഘം പ്രവർത്തകർ, സേവാഭാരതി പ്രവർത്തകർ, എന്നിവർ സമർപ്പണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.


0 Comments