പട്ടിക്കാട്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ഈ മാസം 28ന് നടക്കുന്ന സെക്രട്ടറിയേറ്റ് ധർണയുടെ പ്രചരണത്തിന്റെ ഭാഗമായുള്ള സമര പ്രഖ്യാപന വാഹന പ്രചരണ ജാഥക്ക് പട്ടിക്കാട് തുടക്കമായി. പട്ടിക്കാട് വ്യാപാരി ഭവനിൽ വെച്ച് തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് നാരായണൻകുട്ടി, പട്ടിക്കാട് യൂണിറ്റ് മുൻ പ്രസിഡന്റ് കെ രാഘവൻ എന്നിവർ ചേർന്ന് സംസ്ഥാന വൈസ് പ്രസിഡന്റും തൃശൂർ ജില്ല പ്രസിഡന്റുമായ ജാഥാ ക്യാപ്റ്റൻ കെ.വി. അബ്ദുൾ ഹമീദിന് പതാക കൈമാറി പ്രചാരണ ജാഥയ്ക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ കെ വി അബ്ദുൽ ഹമീദ് പ്രസംഗിച്ചു.
കോവിഡ് മഹാമാരിക്ക് ശേഷം വ്യാപാരികളും ജനങ്ങളും ഒരുപോലെ സാമ്പത്തികമായി പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്ത് വീണ്ടും വ്യാപാര മേഖലയെയും, ജനജീവിതത്തെയും ദുരിതത്തിലാക്കുന്ന ബജറ്റ് ആണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ചതെന്ന് കെ.വി. അബ്ദുൾ ഹമീദ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ബജറ്റ് അവതരണത്തിൽ വ്യാപാരി എന്ന വാക്ക് ഉച്ചരിക്കാതിരിക്കാൻ സംസ്ഥാന ധനകാര്യ മന്ത്രി ഏറെ ശ്രദ്ധിച്ചു എന്നും അദ്ദേഹം ആരോപിച്ചു. വ്യാപാരികളുടെ ആവശ്യങ്ങൾ ചോദിച്ചറിയുന്ന പ്രീ ബജറ്റ് ചർച്ചകൾ മുൻ സർക്കാരുകൾ നടത്താറുണ്ടെന്നും ഇത്തവണ വ്യാപാരികളെ പൂർണമായും ഒഴിവാക്കിയാണ് ബജറ്റ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് തീരുമാനങ്ങൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും തൃശ്ശൂർ ജില്ല സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ, വി.ടി. ജോർജ്, ഭാഗ്യനാഥൻ, ശേഖരൻ, പ്രഹ്ലാദൻ, ജില്ല ട്രഷറർ ജോയ് മുത്തെടൻ, പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, സെക്രട്ടറി തിമോത്തി പറപ്പുള്ളി, ട്രഷറർ തോംസൺ എ.ജെ. തുടങ്ങിയവർ നേതൃത്വം നൽകി.


0 Comments