പട്ടിക്കാട്. വഴുക്കുംപാറ ഭാരത് പെട്രോളിയത്തിന്റ പമ്പിൽ നിന്നും ചെറുവാഹനങ്ങൾക്ക് വേണ്ടത്ര ഡീസൽ ലഭിക്കുന്നില്ലെന്ന് പരാതിയുമായി വാഹന ഉടമകൾ രംഗത്തെത്തി. കഴിഞ്ഞ ദിവസം ഡീസലിനു വേണ്ടി ചെന്നപ്പോൾ പമ്പിലെ ടാങ്കിൽ ഇന്ധനം കുറവാണെന്ന് പറഞ്ഞ് 500 രൂപയ്ക്ക് മാത്രമേ ഡീസൽ ലഭിച്ചുള്ളു എന്നും വാഹന ഉടമകൾ പറയുന്നു. എന്നാൽ വലിയ വാഹനങ്ങൾ എത്തിയതോടെ ആവശ്യാനുസരണം ഡീസൽ നിറച്ചു നൽകിയതായും ഇതിന് കാരണം വ്യക്തമല്ലെന്നും അവർ പറഞ്ഞു.
വഴുക്കുംപാറയിലെ ഈ പെട്രോൾ പമ്പിൽ നിന്നും ഇന്ധലം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് മുൻപും പരാതികൾ ഉണ്ടായിട്ടുണ്ട്. പട്ടിക്കാട് കഴിഞ്ഞാൽ വടക്കുഞ്ചേരി എത്തുന്നതിന് മുൻപ് ആകെ ഉണ്ടായിരുന്നത് ഈ പമ്പ് മാത്രമായിരുന്നു. കഴിഞ്ഞ ദിവസമാണ് പന്തലാംപാടത്ത് പുതിയ പമ്പ് ആരംഭിച്ചത്. ദേശീയപാതയോരത്ത് പെട്രോൾ പമ്പ് സ്ഥാപിച്ച് പമ്പിൽ എത്തുന്ന എല്ലാ വാഹനങ്ങൾക്കും ആവശ്യാനുസരണം ഇന്ധനം നൽകാത്തത് വാഹന ഉടമകളെ പ്രതിസന്ധിയിലാക്കുന്നതായി അവർ പറഞ്ഞു. ബന്ധപ്പെട്ടവർ ഇതിനെതിരെ നടപടികൾ സ്വീകരിക്കണമെന്നും വാഹന ഉടമകൾ ആവശ്യപ്പെട്ടു.


0 Comments