മുടിക്കോട് ഇമ്മട്ടിപ്പറമ്പിൽ വൻ തീപിടുത്തം; അര ഏക്കർ വാഴത്തോട്ടം കത്തി നശിച്ചു


പട്ടിക്കാട്. മുടിക്കോട് ഇമ്മട്ടിപ്പറമ്പ് അങ്കണവാടിക്ക് സമീപം ഉണ്ടായ തീപിടുത്തത്തിൽ അര ഏക്കർ വാഴത്തോട്ടം കത്തി നശിച്ചു. ഇമ്മട്ടിപ്പറമ്പ് ഇടക്കുളത്തൂർ യേശുദാസിന്റെ പറമ്പാണ് കത്തി നശിച്ചത്. 

ഇന്ന് വൈകിട്ട് 5:30 യോടെയാണ് തീപിടുത്തം ഉണ്ടായത്. വാഴത്തോട്ടത്തിലെ ചപ്പും ചവറും വെട്ടി വൃത്തിയാക്കി തോട്ടത്തിന്റെ ഒരുഭാഗത്ത് തീയിടാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി തീ ആളിപ്പടരുകയായിരുന്നു. പ്രദേശവാസികൾ ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും ആളിപ്പടർന്നതിനെ തുടർന്ന് പീച്ചി പോലീസ് സ്റ്റേഷനിലും ഫയർഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ പീച്ചി പോലീസ് സ്റ്റേഷൻ സിപിഒ ഒ.ബി. സനിൽകുമാർ, ടി.കെ അനിൽ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. 

തുടർന്ന് വടക്കുഞ്ചേരിയിൽ നിന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്.  സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.എസ്. ലിജു, ഓഫീസർമാരായ ശ്രീഹരി, ശ്രീജിത്ത്, ഷിജു, സുധീന്ദ്രൻ, സുബൈർ എന്നിവരാണ് അഗ്നിശമനസേന സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

0 Comments