റോയ് തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സർവ്വകക്ഷി അനുശോചനയോഗം സംഘടിപ്പിച്ചു


പട്ടിക്കാട്. അന്തരിച്ച കോൺഗ്രസ് നേതാവ് റോയ് തോമസിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പീച്ചി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന പരിപാടി സംഘടിപ്പിച്ചു. മാരായ്ക്കൽ സെന്ററിൽ നടന്ന അനുശോചന പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി. അഭിലാഷ് അധ്യക്ഷത വഹിച്ചു. റോയ് തോമസിന്റെ മരണം കോൺഗ്രസിനും പൊതുപ്രവർത്തന രംഗത്തും തീരാനഷ്ടമാണെന്ന് അദ്ദേഹം പറഞ്ഞു. റോയ് തോമസിന്റെ അയൽവാസിയും സിപിഎം ജില്ലാ സെക്രട്ടറിയുമായ എം.എം. വർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രീയപരമായി എതിർച്ചേരിയിൽ പ്രവർത്തിക്കുമ്പോഴും പരിമിതികൾക്കപ്പുറമുള്ള റോയ് തോമസിന്റെ നേതൃത്വപാടവം ആശ്ചര്യം ഉളവാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 

റോയ് തോമസിന്റെ അപകടമരണം വലിയ ഞെട്ടലോടെയാണ് കേട്ടതെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി പി രവീന്ദ്രൻ, പാർട്ടിയിൽ പുത്രതുല്യനായിരുന്നു റോയ് തോമസ് എന്ന് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ലീലാമ തോമസ്, കോൺഗ്രസ് പാർട്ടിയുടെ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധയാകർഷിച്ച വ്യക്തിത്വമാണ് റോയ് തോമസിന്റെതെന്ന് കോൺഗ്രസ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, റോയ് തോമസ് പാർട്ടിയിലെ സഹോദര  തുല്യനായിരുന്നുവെന്നും പരിമിതികളെ മറികടന്നു കൊണ്ടുള്ള പ്രവർത്തനങ്ങൾ എന്നും അത്ഭുതത്തോടെ നോക്കി കണ്ടുവെന്നും പാണഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് കെ പി ചാക്കോച്ചൻ, രാഷ്ട്രീയ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുത്ത് മുന്നോട്ടുപോകുന്ന വ്യക്തിയായിരുന്നു റോയ് തോമസ് എന്ന് മുൻ പത്രപ്രവർത്തകൻ ജോർജ്ജ് പൊടിപ്പാറ, കോൺഗ്രസ് പാർട്ടിയുടെ കരുത്തനായ പ്രാസംഗികന് കണ്ണീരിൽ കുതിർന്ന പ്രണാമം എന്ന് മുൻ മണ്ഡലം പ്രസിഡണ്ട് ഷിബു പോൾ  എന്നിവർ റോയ് തോമസിനെ അനുസ്മരിച്ചു. വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ സംഘടന ഭാരവാഹികൾ തുടങ്ങിവർ പരിപാടിയിൽ പങ്കെടുത്തു.


Post a Comment

0 Comments