ഒരപ്പൻകെട്ട് ടൂറിസം കേന്ദ്രമാകുന്നു; സാഹസിക ടൂറിസവും, തൂക്കുപാലവും, സിപ് ലൈനും ഒരുങ്ങും


പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് കണ്ണാറ വാർഡിലെ ഒരപ്പൻകെട്ട് ഒല്ലൂർ മണ്ഡലത്തിലെ മറ്റൊരു ടൂറിസം കേന്ദ്രമാകാൻ ഒരുങ്ങുന്നു. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ആലോചനാ യോഗം റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചേർന്നു. വനാന്തരീക്ഷത്തിൽ ചുറ്റപ്പെട്ട ഒരപ്പൻ കെട്ടിനെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുവാൻ സ്ഥലം എംഎൽഎ യും റവന്യൂ മന്ത്രിയുമായ കെ.രാജൻ ഇക്കഴിഞ്ഞ ബജറ്റിൽ പദ്ധതിക്കായി 5 കോടി രൂപ പ്രഖ്യാപിച്ചിരുന്നു. ഒരപ്പൻകെട്ടിന്റെ സൗന്ദര്യം നിലനിർത്തിയും പൂർണ്ണമായും സംരക്ഷിച്ചുമാണ് പ്രകൃതി സൗന്ദര്യം ആസ്വാദിക്കാൻ ഇവിടെ സൗകര്യങ്ങൾ ഒരുക്കുന്നത്. അതിന്റെ ഭാഗമായി വെള്ളം കെട്ടി നിർത്തിയ ഭിത്തികൾ കൂടുതൽ ബലപ്പെടുത്തുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഗ്ലാസ് ബോട്ടം ഉപയോഗിച്ചുള്ള തൂക്കുപാലമാകും ഒരപ്പൻ കെട്ടിലെ പ്രധാന ആകർഷണം. ഇതിന് പുറമേ സിപ് ലൈൻ, റോക്ക് ക്ലൈംബിംഗ്, വ്യൂ പോയിന്റ് എന്നിവയും ഒരപ്പൻകെട്ടിൽ ഒരുക്കുന്നുണ്ട്. നിലവിലുള്ള വെള്ളച്ചാട്ടം ആസ്വദിക്കാനും വെള്ളച്ചാട്ടത്തിൽ സുരക്ഷിതമായി കുളിക്കുന്നതിനുമുള്ള സൗകര്യവും ഒരുക്കും. റോഡും നടപ്പാതകളുമെല്ലാം സന്ദർശകരെ ആകർഷിക്കുന്ന തരത്തിലുള്ളതാക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സൗകര്യവും സ്ഥലത്ത് ഒരുക്കുന്നുണ്ട്. ടോയ്‌ലറ്റുകളും, കോഫി ഷോപ്പുകളും ഈ വിനോദ സഞ്ചാര കേന്ദ്രത്തിൽ ലഭ്യമാവും. ഇതിനായി 5 കോടിയുടെ വിപുലമായ പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്.

മാർച്ച് 15 നുള്ളിൽ വിശദമായ പദ്ധതി റിപ്പോർട്ട് സമർപ്പിക്കുകയും മാർച്ചിൽ തന്നെ പദ്ധതിക്ക് ഭരണാനുമതി ലഭ്യമാക്കുകയും ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചു. വളരെ പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് സഞ്ചാരികൾക്ക് തുറന്നു നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ബജറ്റ് സംഖ്യക്ക് പുറമേയുള്ള പണം ആവശ്യമായി വന്നാൽ എംഎൽഎ ഫണ്ട് കൂടി ഉപയോഗിക്കാൻ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. യോഗത്തിൽ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർമാരായ ബിജു വർഗ്ഗീസ്, പി.ഐ.സുബൈർകുട്ടി, ഡിറ്റിപിസി സെക്രട്ടറി ഡോ. ജോബി ജോർജ്ജ്, ആർക്കിടെക്റ്റ് സുനിൽ എന്നിവർ നേരിട്ടും, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഓൺലൈനായും പങ്കെടുത്തു.



Post a Comment

0 Comments