സ്കൂൾ വിദ്യാർത്ഥികൾക്ക് അപകട ഭീഷണിയായി ടോറസ് ലോറികൾ; ഹണി പാർക്ക് റോഡിൽ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു

കണ്ണാറ. ഹണി പാർക്ക് റോഡിലൂടെ സ്കൂൾ വാഹനങ്ങൾക്കും വിദ്യാർത്ഥികൾക്കും അപകട ഭീഷണി ഉയർത്തി ഓടിയ ടോറസ് ലോറികൾ നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. വാർഡ് മെമ്പർ രേഷ്മ സജീഷ് സ്ഥലത്തെത്തി ലോറികൾ കടന്നുപോകുന്നത് താൽക്കാലികമായി നിർത്തിവച്ചു. ഇന്ന് രാവിലെയാണ് മണലിപ്പുഴയിൽ നിന്നുള്ള മണ്ണ് കയറ്റിയ ടോറസ് ലോറികൾ സ്കൂൾ വാഹനങ്ങൾ പോകുന്നത് അവഗണിച്ച് ഇതുവഴി കടന്നുപോയത്. കരാറുകാരെ വിളിച്ച് മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിച്ചാണ് സ്കൂൾ സമയത്ത് വാഹനങ്ങൾ ഇതുവഴി ഓടിച്ചതെന്ന് വാർഡ് മെമ്പർ പറഞ്ഞു. ഒരു ലോറിക്ക് മാത്രം കടന്നുപോകാവുന്ന വീതിയുള്ള റോഡിലൂടെ ഇരുവശത്തേക്കും ആണ് ടോറസ് ലോറികൾ സർവീസ് നടത്തുന്നത്. 

ഇതുമൂലം പ്രദേശത്തെ കുടിവെള്ള പൈപ്പുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ മുതൽ പലസ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. അടുത്തിടെ റീടാറിങ് പൂർത്തിയാക്കിയ റോഡിലൂടെ അമിതഭാരം കയറ്റിയ ലോറികൾ കടന്നുപോകുന്നതിനെതിരെ പ്രദേശവാസികൾ ഇന്നലെ രംഗത്തെത്തിയിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ ഇടപെട്ട് ടോറസ് ലോറികൾ കടന്നുപോകാൻ അനുവാദം നൽകുകയായിരുന്നു എന്ന് അവർ പറഞ്ഞു. പ്രദേശവാസികളുടെ സുരക്ഷയോ, റോഡിൻറെ അപകടാവസ്ഥയോ കണക്കിലെടുക്കാതെ കരാറുകാർക്ക് അനുകൂലമായ നടപടിയാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആരോപിച്ചു.



Post a Comment

0 Comments