പട്ടിക്കാട്. ഹൈവേ അതോറിറ്റിയുടെ നേതൃത്വത്തിൽ ആറുവരിപ്പാതയിൽ നിന്നും സർവീസ് റോഡിലേക്കുള്ള വഴികൾ അടച്ചു കെട്ടുന്നത് കച്ചവട സ്ഥാപനങ്ങൾക്കും നാട്ടുകാർക്കും പ്രതിസന്ധി ഉണ്ടാക്കുന്നതായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വക്താക്കൾ പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മന്ത്രി കെ. രാജന് നിവേദനം നൽകി. റോഡിലേക്കുള്ള വഴികൾ അടച്ചു കെട്ടുന്നതുമൂലം ജനങ്ങൾക്ക് വീടുകളിലേക്കും, വ്യാപാര സ്ഥാപനങ്ങളിലക്കും കടന്നുവരുന്നതിന് കഴിയാത്ത സാഹചര്യമാണ്. ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ, ടയർ കടകൾ, മറ്റ് ചെറുകിട സ്ഥാപനങ്ങൾ തുടങ്ങി വ്യാപാര മേഖലയെ ആകമാനം സാമ്പത്തികമായി തകർക്കുന്ന നടപടികളാണ് ഹൈവേ അതോറിറ്റിയിൽ നിന്നും നേരിടേണ്ടി വരുന്നത്.
ദേശീയപാത വികസനത്തിനുവേണ്ടി സ്ഥലം വിട്ടു നൽകിയ ഭൂവുടമകൾ ദേശീയപാതയോട് ചേർന്ന് ബാക്കിയുള്ള സ്ഥലത്ത് ജീവനോപാധിക്കുവേണ്ടി കെട്ടിടൾ നിർമ്മിക്കുകയോ കച്ചവടങ്ങൾ ആരംഭിക്കുകയോ ചെയ്തു വരുന്നതിനിടയാണ് ഇത്തരം ജനദ്രോഹ നടപടികൾ നേരിടേണ്ടി വരുന്നത്. സംസ്ഥാന റവന്യൂ മന്ത്രിയും സ്ഥലം എംഎൽഎയും എന്ന നിലയിൽ വ്യാപാരികൾ നേരിടുന്ന ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാൻ ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിഒല്ലൂർ നിയോജകമണ്ഡലം ചെയർമാനും ജില്ലാ സെക്രട്ടറിയുമായ ബിജു എടക്കളത്തൂർ, പട്ടിക്കാട് യൂണിറ്റ് പ്രസിഡന്റ് ജോബി പറപ്പുള്ളി, മുടിക്കോട് യൂണിറ്റ് പ്രസിഡന്റ് വി.കെ പ്രകാശൻ, ചുവന്നമണ്ണ് യൂണിറ്റ്പ്രസിഡന്റ് ജോസ് വല്ലൂരാൻ, വാണിയംപാറ യൂണിറ്റ് പ്രസിഡന്റ് ജെയ്‌സൺ മലേകണ്ടത്തിൽ എന്നിവർ ചേർന്നാണ് മന്ത്രിക്ക് നിവേദനം നൽകിയത്.


0 Comments