കണ്ണാറ മാതൃസദനത്തിന്റെ ഒന്നാം നിലയുടെ സമർപ്പണം നാളെ


കണ്ണാറ. ഒന്നാം നിലയുടെ നിർമ്മാണം കൂടി പൂർത്തീകരിച്ച മാതൃസദനത്തിന്റെ സമർപ്പണ ചടങ്ങ് നാളെ (ഫെബ്രുവരി 19ന് ഞായറാഴ്ച) രാവിലെ 11ന് നടക്കും. കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് എജിഎം പി.എൻ സമ്പത്ത്കുമാർ സമർപ്പണം നിർവ്വഹിക്കും. കല്യാൺ സിൽക്‌സ് ചെയർമാൻ ടി.എസ് പട്ടാഭിരാമൻ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്ത കാര്യവാഹ് പി.എൻ. ഈശ്വരൻ സേവാ സന്ദേശം നടത്തുമെന്ന് പ്രസിഡന്റ് എം.സി. സൂര്യകുമാർ, സെക്രട്ടറി ടി.എസ്. ഗോപാലകൃഷ്ണൻ, ഖജാൻജി സിജിത്ത് ടി.ബി. എന്നിവർ പറഞ്ഞു. 

കണ്ണാറ ശ്രീ പരമേശ്വരി ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ  2018 ൽ മാതൃസദനത്തിന്റെ  ആദ്യഘട്ടം പൂർത്തിയാക്കിയിരുന്നു. പ്രശസ്ത സിനിമാതാരം കവിയൂർ പൊന്നമ്മയാണ്  ഉദ്ഘാടനം നിർവഹിച്ചത്. 2016 ൽ കണ്ണാറ സ്‌കൂളിലെ അധ്യാപികയായിരുന്ന നന്തിലത്ത് മാലതി ടീച്ചറാണ് അശരണരായ അമ്മമാരുടെ സംരക്ഷണത്തിനുതകുന്ന ഒരു കേന്ദ്രം നിർമ്മിക്കാനായി പന്ത്രണ്ടര സെന്റ് സ്ഥലം സേവാഭാരതിക്ക് നൽകിയത്. ശ്രീ പരമേശ്വരി ഗ്രാമസേവാ സമിതി എന്ന പേരിൽ സേവാഭാരതി ഒരു ട്രസ്റ്റ് രൂപീകരിച്ച് 2017 ൽ മാതൃസദനത്തിന്റെ നിർമ്മാണം തുടങ്ങി. സുമനസ്സുകളായ നാട്ടുകാരുടെ കൂടി സഹായത്തോടെ 2018 ൽ ആദ്യഘട്ടം നിർമ്മാണം പൂർത്തീകരിച്ചു. ഇപ്പോൾ 10 അമ്മമാർ മാതൃസദനത്തിൽ ഉണ്ട്. അവരുടെ എല്ലാ ആവശ്യങ്ങളും സൗജന്യമായി നിർവഹിച്ചു വരുന്നത് ശ്രീ പരമേശ്വരി ഗ്രാമ സേവാസമിതിയാണ്. മാതൃ സദനത്തിലേക്കുള്ള അപേക്ഷകൾ വർധിച്ചതോടെയാണ് ഒന്നാം നിലയുടെ നിർമ്മാണം കൂടി പൂർത്തിയാക്കാൻ തീരുമാനിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.



Post a Comment

0 Comments