തൃശൂർ. മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ ഏപ്രിൽ 1 ന് ആരംഭിക്കും. വിവിധ വകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനങ്ങൾ ഉറപ്പുവരുത്തണമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് പുറമെ വീടുകളിലും ഓഫീസുകളിലും ഉൾപ്പെടെ ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തണം. വൃത്തിയുള്ള കേരളം, വലിച്ചെറിയൽമുക്ത കേരളം ക്യാമ്പയിനിന്റെ ഭാഗമായി വൃത്തിയാക്കാൻ നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ, മാലിന്യക്കൂനകൾ, കവലകൾ, ചെറു പട്ടണങ്ങൾ, പൊതു ഇടങ്ങൾ, അപ്പാർട്ട്‌മെന്റ് കോംപ്ലക്‌സുകൾ, വ്യാപാര കേന്ദ്രങ്ങൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, ചന്തകൾ, കമ്മ്യൂണിറ്റി ഹാൾ, വിവാഹ മണ്ഡപങ്ങൾ, ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ക്യാമ്പസുകൾ മുതലായവ വൃത്തിയാക്കി വലിച്ചെറിയൽ മുക്ത ഇടങ്ങളായി പ്രഖ്യാപിക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇക്കാര്യം ചെയ്യണം. കൊതുക് നിവാരണത്തിന്റെ ഭാഗമായി ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും െ്രെഡ ഡേ ആചരിക്കണം. മുഴുവൻ ഓടകളും വൃത്തിയാക്കി എന്നുറപ്പാക്കണം. മലിനമായിക്കിടക്കുന്ന നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, ഓടകൾ എന്നിവയുടെ പട്ടിക തയ്യാറാക്കി വൃത്തിയാക്കൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം തുടങ്ങിയ നിർദ്ദേശങ്ങളാണ് യോഗത്തിൽ ഉന്നയിച്ചിട്ടുള്ളത്.
മന്ത്രിമാരായ പി. രാജീവ്, പി. എ. മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, എം.ബി. രാജേഷ്, വീണാ ജോർജ്ജ്, അഡീ. ചീഫ് സെക്രട്ടറിമാരായ ഡോ. വി. വേണു, ശാരദാ മുരളീധരൻ, വകുപ്പ് മേധാവികൾ, ജില്ലാ കളക്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.

0 Comments