പീച്ചി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള സർക്കാർ സംവിധാനമായ സ്നേഹിതയുടെ ഓട്ടോറിക്ഷ ക്യാമ്പയിൻ പാണഞ്ചേരിയിൽ ആരംഭിച്ചു. വിലങ്ങന്നൂർ സെന്ററിൽ നടന്ന ക്യാമ്പയിന്റെ ഉദ്ഘാടനം പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ നിർവഹിച്ചു.
സ്ത്രീകളെ സഹായിക്കുന്നതിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനും മുന്നിൽ നിൽക്കുന്ന സംവിധാനമാണ് സ്നേഹിതയെന്നും വാഹനങ്ങളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് അവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന സർക്കാർ സംവിധാനം ഉണ്ടെന്ന ധൈര്യം പകർന്നു നൽകുകയുമാണ് ക്യാമ്പയിനിലൂടെ ഉദ്ദേശിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു
ഓട്ടോറിക്ഷയുടെ ഡ്രൈവർ സീറ്റിനു പുറകിൽ സ്നേഹിതയുടെ സ്റ്റിക്കർ പതിച്ചാണ് ക്യാമ്പയിൻ ആരംഭിച്ചത്. 365 ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്നേഹിതയുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബശ്രീ ജെൻഡർ റിസോഴ്സിന്‍റെ നേതൃത്വത്തിൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഷൈജു കുര്യൻ, അജിതാ മോഹൻദാസ്, സിഡിഎസ് മെമ്പർ സരിത, കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്റർ കമ്മ്യൂണിറ്റി കൗൺസിലർ മേരി സണ്ണി, ജാഗ്രത സമിതി സിഡബ്ല്യുഎഫ് സ്നേഹ, പൊതുപ്രവർത്തകർ, ഓട്ടോറിക്ഷ ഡ്രൈവർമാർ എന്നിവർ പങ്കെടുത്തു.


0 Comments