പട്ടിക്കാട്. പാണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിലെ നിന്നുകുഴിയിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സ്വൈൻ ഫീവർ) സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് പ്രവർത്തിക്കുന്ന പന്നിഫാമുകളിലെ 450 പന്നികളെ കൊന്നൊടുക്കാൻ തീരുമാനമായി. നാളെ രാവിലെ 7 മണി മുതൽ പന്നികളെ കൊന്നു തുടങ്ങും. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി. രവീന്ദ്രൻ അറിയിച്ചു.
ഫാമിലെ ഏതാനും പന്നികൾ കഴിഞ്ഞദിവസം ചത്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് പന്നിപ്പനി ആണോ എന്ന സംശയം ഉയർന്നത്. പന്നികൾ ചാവാനുള്ള കാരണം പന്നി പനിയാണെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബാംഗ്ലൂരിലെ ലാബിൽ നിന്നും ഇന്നലെ റിപ്പോർട്ടു ലഭിച്ചു. തുടർന്ന് മന്ത്രി കെ രാജൻ, ജില്ലാ കളക്ടർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ ഉൾപ്പെടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ഇന്ന് പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തി. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.
സ്റ്റണ്ണിങ് മെഷീൻ ഉപയോഗിച്ച് വേദന രഹിതമായാണ് പന്നികളെ കൊല്ലുന്നത്. ഇതിന് ആവശ്യമായ വൈദ്യുതിക്ക് വേണ്ട ജനറേറ്ററുകളും അനുബന്ധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പരിശീലനം ലഭിച്ച രണ്ട് ബുച്ചർമാർ ഉൾപ്പെട്ട രണ്ട് ടീമുകളെ പന്നികളെ കൊല്ലുന്ന പണികൾക്കായി നിയോഗിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പാണഞ്ചേരി മൃഗാശുപത്രിയിലെ അസി. പ്രൊജക്റ്റ് ഓഫീസർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവർ അടങ്ങുന്ന രണ്ട് റാപ്പിഡ് റെസ്പോൺസ് ടീമുകളെയും സജ്ജമാക്കിയിട്ടുണ്ട്. പന്നികളെ കൊന്നതിനുശേഷം അവയുടെ ഭാരം അളന്നതിനുശേഷം ആണ് മറവ് ചെയ്യുന്നത്. ഇതിന് ആവശ്യമായ വെയിംഗ് മെഷീനുകൾ, മറവ് ചെയ്യുന്നതിന് ആവശ്യമായ ജെസിബി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ഇരുന്നൂറ് കിലോ കുമ്മായം ഉൾപ്പെടെ മാലിന്യനിർമാർജനത്തിനു വേണ്ട സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. രവീന്ദ്രൻ, വൈസ് പ്രസിഡൻറ് സാവിത്രി സദാനന്ദൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.അനിത, പഞ്ചായത്ത് സെക്രട്ടറി പി.ആർ. ജോൺ, മൃഗസംരക്ഷണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഡോ. ഒ.ജി. സുരജ, ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ലത മേനോൻ, സീനിയർ വെറ്ററിനറി സർജൻ ഡോ. ആർ. സിന്ധു, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോഡ്വിൻ സി. ആന്റണി, എം. രതി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ എ.ടി. ബിജു, മൃഗസംരക്ഷണ വകുപ്പ് അസിസ്റ്റൻറ് ഫീൽഡ് ഓഫീസർമാരായ ജി. രവിശങ്കർ, ഡേവിസ് ആൻറണി, പീച്ചി സ്റ്റേഷൻ എഎസ്ഐ കെ. ജയേഷ്കുമാർ, വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ, പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് എസ്എഫ്ഒ ആർ. അജി, പാണഞ്ചേരി വില്ലേജ് ഓഫീസർ ടി.കെ. അനിൽകുമാർ തുടങ്ങിയവർ പഞ്ചായത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തു.


0 Comments