തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു : സാവിത്രി സദാനന്ദൻ


പട്ടിക്കാട് . തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെക്കുന്ന ഫണ്ടുകൾ വെട്ടിക്കുറച്ചും തൊഴിൽ ദിനങ്ങളുടെ എണ്ണം കുറച്ചും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇല്ലായ്മ ചെയ്യാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ.സെക്രട്ടറിയുമായ സാവിത്രി സദാനന്ദൻ പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കേന്ദ്ര ബഡ്ജറ്റിൽ തൊഴിലുറപ്പ് മേഖലയിൽ നിന്ന് 30,000 കോടി രൂപ ഒഴിവാക്കുകയും ഒട്ടേറെ പദ്ധതികളെ നെഗറ്റീവ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതോടെ ലക്ഷക്കണക്കിന് തൊഴിൽ ദിനങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവെക്കുന്ന തുകയിൽ 60 ശതമാനം കേന്ദ്ര വിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവും എന്ന നിലയിൽ ചെലവഴിക്കണമെന്ന ഉത്തരവ് സംസ്ഥാനങ്ങൾക്ക് നൽകുക വഴി പാർലമെന്റ് പാസാക്കിയ നിയമത്തിൽ വെള്ളം ചേർക്കുന്ന നടപടിയാണ് കേന്ദ്രസർക്കാർ ചെയ്യുന്നത്. തൊഴിലുറപ്പ് പദ്ധതി സംസ്ഥാന സർക്കാരുകളുടെ ബാധ്യതയാക്കി മാറ്റാനുള്ള നീക്കമാണ് ഇതിന് പിന്നിൽ എന്നും സാവിത്രി സദാനന്ദൻ കുറ്റപ്പെടുത്തി. തൊഴിൽ ദിനങ്ങൾ 200 ആക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, ആയുധങ്ങളുടെ വാടക അനുവദിക്കുക, തൊഴിലാളിക്ക് തൊഴിൽ ഇടങ്ങളിൽ മരണം സംഭവിക്കുകയാണെങ്കിൽ 5 ലക്ഷം രൂപ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക, പാചകവാതക വില വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ നടത്തിയത്.കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങളിൽ തൊഴിലാളികൾ പ്രതിഷേധവും ആശങ്കയും രേഖപ്പെടുത്തി.

ധർണയ്ക്ക് അധ്യക്ഷത വഹിച്ച എൻ.ആർ. ഇ.ജി വർക്കേഴ്സ് യൂണിയൻ പഞ്ചായത്ത് സെക്രട്ടറി ഇ.ടി ജലജൻ, പ്രസിഡന്റ് സ്വപ്ന രാധാകൃഷ്ണൻ സി.പി.ഐ.എം പാണഞ്ചേരി ലോക്കൽ കമ്മിറ്റി സെക്രട്ടറി മാത്യു നൈനാൻ, പഞ്ചായത്ത് അംഗങ്ങളായ ഷീല അലക്സ്, ഷൈലജ വിജയകുമാർ , അജിത മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments